മുഈന്‍ അലി അനധികൃതമായി പത്രസമ്മേളനത്തില്‍ കയറുകയായിരുന്നു; പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രസമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ച പാണക്കാട് മൂഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം
കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രസമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ച പാണക്കാട് മൂഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മുഈന്‍ അലി അനധികൃതമായി പത്രസമ്മേളനത്തില്‍ കയറുകയായിരുന്നെന്നും കൂടുതല്‍ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പി എം എ സലാം പറഞ്ഞു.
അദ്ദേഹത്തിന്റെ നടപടി തെറ്റായി പോയെന്ന് പാര്‍ട്ടി അന്ന് തന്നെ വിലയിരുത്തിയതാണ്. ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അത്തരത്തിലൊരാള്‍ മറ്റ് കാര്യങ്ങളില്‍ പാര്‍ട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പി എം എ സലാം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ച ശേഷം തന്നെയാണ് ഹൈദരാലി തങ്ങള്‍ മുഈന്‍ അലിയെ പ്രശ്‌ന പരിഹാരത്തിന് നിയോഗിച്ചത്. എന്നാല്‍ വിചാരിച്ച പോലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ചന്ദ്രികയില്‍ കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ല. ഈ വിഷയത്തില്‍ ഫിനാന്‍സ് ഡയറക്ടറെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സലാം പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിലെ പല കമ്പനികള്‍ക്കും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ചന്ദ്രികയ്ക്കും ഉണ്ടായത്. അത് പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.
ഹൈദരാലി തങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ലീഗ് പ്രവര്‍ത്തകര്‍ക്കെല്ലാം ബോധ്യമുണ്ട്. ആരും അതെ കുറിച്ച് ഞങ്ങളെ പ്രകോപിതരാക്കി പറയിപ്പിക്കേണ്ട. മുഈന്‍ അലിക്കെതിരേ നടപടി സ്വീകരിച്ചാല്‍ ഭൂകമ്പം ഉണ്ടാവുമെന്ന് പറഞ്ഞത് ലീഗുകാരല്ല സിപിഎമ്മുകാരാണ്. വിഷയത്തില്‍ ആവശ്യമായ നടപടി പാര്‍ട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും സലാം പറഞ്ഞു.