Kerala News

അര്‍ബുദത്തിന് മുന്നില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടി; ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി

Keralanewz.com

അന്തരിച്ച ചലച്ചിത്രതാരം ശരണ്യ ശശിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  അര്‍ബുദ രോഗബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകര്‍ന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

തന്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയില്‍ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്‌നേഹവും ഏവര്‍ക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശരണ്യയുടെ അന്ത്യം.അര്‍ബുദ ബാധയെത്തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.

Facebook Comments Box