Kerala NewsLocal News

മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിനെതിരേ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി

Keralanewz.com

തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിനും മാജിക്‌ പ്ലാനറ്റ്‌, ഡി.എ.സി. എന്നീ സ്‌ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരേ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനില്‍ പൊതുതാത്‌പര്യഹര്‍ജി.

മുന്‍ജീവനക്കാരന്‍ കെ.കെ. ഷിഹാബാണു ഹര്‍ജിക്കാരന്‍. കൂടുതല്‍ വിശദാംശങ്ങളുള്ള പരാതി ലഭിച്ചാലേ കേസെടുക്കാനാകൂവെന്നു കമ്മിഷന്‍ വ്യക്‌തമാക്കി.
മുതുകാടിന്റെ സ്‌ഥാപനത്തിനു വന്‍തുക ലഭിച്ചതിനെക്കുറിച്ച്‌ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്‌. സ്‌ഥാപനത്തില്‍ 2017 മുതല്‍ ജോലിചെയ്‌തിരുന്ന ഷിഹാബാണു മുതുകാടിനെതിരേ ആദ്യം ആരോപണങ്ങളുന്നയിച്ചത്‌. പിന്നാലെ നിരവധി രക്ഷിതാക്കളും രംഗത്തെത്തി. ഭിന്നശേഷിക്കാരായ കുട്ടികളെ പീഡിപ്പിക്കുന്നതായി സാമൂഹികമാധ്യമങ്ങളിലും ആരോപണമുയര്‍ന്നു. സര്‍ക്കാരിന്റെ സാമ്ബത്തികസഹായമുള്ളപ്പോഴും വന്‍തോതില്‍ പണപ്പിരിവ്‌ നടത്തുന്ന സ്‌ഥാപനത്തിനെതിരായ ആരോപണമായതിനാലാണ്‌ അന്വേഷണം ആവശ്യപ്പെട്ടതെന്നു ഷിഹാബ്‌ പറഞ്ഞു.
മാജിക്ക്‌ അക്കാഡമിയിലെ പരിപാടികളില്‍ വേദിയിലേക്കു ചക്രക്കസേരയില്‍ വരാന്‍ അനുവദിക്കാറില്ലെന്നതടക്കമുള്ള ആരോപണങ്ങളാണു ഷിഹാബ്‌ ഉന്നയിച്ചത്‌. വേദിയിലൂടെ നിരങ്ങിവന്ന്‌ ചക്രക്കസേരയില്‍ കയറിയാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിന്റെ നിലപാട്‌. അന്ന്‌ ഷോ ചെയ്‌തിരുന്നത്‌ ഓട്ടിസം മുതല്‍ മാനസികവെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച്‌ കുട്ടികളായിരുന്നു. അവര്‍ക്കു യഥാസമയം ഭക്ഷണം നല്‍കാറില്ല. അതിഥികളെ തൃപ്‌തിപ്പെടുത്തലായിരുന്നു പ്രധാനജോലി. ഇത്‌ ചോദ്യംചെയ്‌തതോടെ വിരോധമായി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാന്‍ പരിശീലനം ലഭിച്ചവരില്ല. മാജിക്‌ പ്ലാനറ്റിന്റെ തുടക്കത്തില്‍ അഞ്ച്‌ കുട്ടികളുണ്ടായിരുന്നപ്പോള്‍ അതിഥികളോട്‌ 25 പേരുണ്ടെന്ന്‌ പറയാനായിരുന്നു നിര്‍ദേശം. പിന്നീട്‌ 150 കുട്ടികളായപ്പോള്‍ മുന്നൂറെന്നാണു പറഞ്ഞത്‌. 2018 ഏപ്രിലിലെ കുവൈത്ത്‌ പര്യടനത്തില്‍ തനിക്കു സമ്മാനമായി ലഭിച്ച പണം വാങ്ങിയെടുക്കാന്‍ ശ്രമിച്ചു. ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങള്‍ കൈക്കലാക്കുകയാണു മുതുകാടിന്റെ ലക്ഷ്യമെന്ന്‌ വ്യക്‌തമായതോടെ താന്‍ എതിര്‍ത്തു. സാമൂഹികസുരക്ഷാ മിഷന്‍ മുന്‍ ഡയറക്‌ടര്‍ക്കും ഇതില്‍ പങ്കുണ്ട്‌. ക്രമക്കേടുകളുടെ വീഡിയോ സഹിതം ഡയറക്‌ടര്‍ക്ക്‌ അയച്ചെങ്കിലും തന്നെ ബ്ലോക്ക്‌ ചെയ്‌തെന്നും ഷിഹാബ്‌ ആരോപിച്ചു. ഗോപിനാഥ്‌ മുതുകാട്‌ ഭിന്നശേഷിക്കാരോടു തെറ്റ്‌ ചെയ്യുന്നുവെന്നാരോപിച്ച്‌ സംസ്‌ഥാന ഭിന്നശേഷി പുരസ്‌കാരജേതാവ്‌ അമല്‍ ഇഖ്‌ബാല്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ക്ക്‌ പിന്നില്‍ സ്‌ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നു മുതുകാട്‌ പറയുന്നു.

Facebook Comments Box