കോൺഗ്രസിന് വൻ തിരിച്ചടി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് സുനില്‍ കനഗോലു പിന്മാറി, കാരണം വ്യക്തമാക്കാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോൺഗ്രസിന് കനത്ത പ്രഹരമായി തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ സുനിൽ കനഗോലുവിന്റെ പിന്മാറ്റം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കനഗോലുവില്ല.
കോണ്‍ഗ്രസ് രൂപീകരിച്ച’ടാസ്‌ക് ഫോഴ്‌സ് 2024′ ന്റെ ഭാഗമായിരുന്ന കനഗോലു മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കനഗോലുവിന്റെ പിന്മാറ്റത്തിന്റെ കാരണം കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് ശേഷം കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചയാളാണ് സുനില്‍ കനഗോലു. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ കനഗോലുവിന്റെ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു. ശേഷം കേരളത്തില്‍ ഉള്‍പ്പെടെ കനഗോലുവിന്റെ സഹായം തേടാനായിരുന്നു തീരുമാനം.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കനഗോലു കൈകൊടുക്കുന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത് വലിയ തോതിൽ തിരിച്ചടിയായേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രാഥമിക ഉപദേഷ്ടാവായും തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരുമായും പ്രവര്‍ത്തിക്കുന്നത് കനുഗോലു തുടരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ കനഗോലു എഫ്ക്‌ട് പാര്‍ട്ടി കൂടുതല്‍ മനസ്സിലാക്കുന്നത്.
ലോക്സഭ ഇലക്ഷനിൽ കന ഗോലു ബി ജെ പി യുടെ കൂടെ ചേരുമോ എന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.
ഇത്രയും കാലം കൂടെ പ്രവർത്തിച്ച കനഗോലുവിന് കോൺഗ്രസിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്ന പ്രധാന വിഷയം.