National NewsPolitics

ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനം പരാജയം; കോൺഗ്രസിന് പ്ലാനിംഗില്ല മിക്ക സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍.

Keralanewz.com

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനം താളം തെറ്റുന്നു. കോണ്‍ഗ്രസാണ് ഇതില്‍ പ്രധാന വില്ലൻ.

വലിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്കാണ് പ്രശ്‌നങ്ങൾക്ക് കാരണം. കോണ്‍ഗ്രസിന്റെ ശ്രദ്ധ മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയിലാണ്. ബീഹാറിലാണ് പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതൽ രൂക്ഷമായിരിക്കുന്നത്.

ജെഡിയുവിന്റെ കാര്യത്തിലാണ് കോണ്‍ഗ്രസിന് വലിയ ആശയക്കുഴപ്പമുള്ളത്. നിതീഷ് കുമാര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബിജെപിയുമായി നിതീഷിന് രഹസ്യ ബന്ധമുണ്ടെന്നാണ് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ കരുതുന്നത്. എന്നാല്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടില്ല. അതുകൊണ്ട് നിതീഷ് കണ്‍വീനറാവുന്നതിനെ എല്ലാവരും എതിര്‍ക്കുന്നത്.

കോണ്‍ഗ്രസ് സീറ്റ് വിഭജനത്തിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അവരുടെ നേതാക്കളൊന്നും ബീഹാറില്‍ പ്രതിപക്ഷ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയിട്ടില്ല. ആര്‍ജെഡി മാത്രമാണ് നിലവില്‍ സീറ്റ് വിജനത്തെ പിന്തുണയ്ക്കുന്നത്. ആര്‍ജെഡിയുമായുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ ബീഹാറില്‍ നടക്കുന്നത്.

സീറ്റ് വിഭജനം ബീഹാറില്‍ എപ്പോള്‍ നടക്കുമെന്ന് സഖ്യത്തിന് യാതൊരു വ്യക്തതയുമില്ല. അതുപോലെ തന്നെയാണ് ഉത്തര്‍പ്രദേശിലെയും കാര്യങ്ങള്‍. ഇവിടെ കോണ്‍ഗ്രസുമായി സഖ്യത്തിന് അഖിലേഷ് യാദവ് തയ്യാറാണ്. ചര്‍ച്ചകളും ആരംഭിച്ച്‌ കഴിഞ്ഞു. പക്ഷേ ഇവിടെ സമാജ് വാദി പാര്‍ട്ടിയാണ് ബുദ്ധിമുട്ടുന്നത്. പ്രധാന കാരണം കോണ്‍ഗ്രസാണ്.

കോണ്‍ഗ്രസിനോട് വിജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ എസ്പി നേരത്തെ പറഞ്ഞതാണ്. എന്നാല്‍ ഇതുവരെ അക്കാര്യം ആരംഭിച്ചിട്ട് പോലുമില്ല. കോണ്‍ഗ്രസ് യുപിയില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിന്റെ രൂപരേഖ ഇതുവരെ തയ്യാറാക്കിയിട്ടില്ല. അഖിലേഷ് കാര്യങ്ങള്‍ വേഗത്തില്‍ നീക്കുന്നുണ്ട്. പക്ഷേ കോണ്‍ഗ്രസിന് ഇവിടെ വിജയസാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതുകൊണ്ട് ഇതുവരെ പട്ടിക സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പട്ടിക നല്‍കാത്തതില്‍ അഖിലേഷ് അസംതൃപ്തനാണ്. യോഗം മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന് അവസരം നല്‍കിയിട്ടും ഒന്നും ചെയ്യാതിരുന്നതോടെ എസ്പിക്കും അഖിലേഷിനും സീറ്റ് വിഭജനത്തില്‍ ആധിപത്യം കൈവന്നിരിക്കുകയാണ്. ഇവര്‍ പറയുന്നത് പോലെ ചെയ്യാനേ ഇനി കോണ്‍ഗ്രസിന് നിര്‍വാഹമുള്ളൂ.

കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇലക്ഷന്‍ സ്ട്രാജസ്റ്റിന്റെ അഭാവമാണ്. ഹിന്ദി ഹൃദയഭൂമിയിലെ തോല്‍വി കോണ്‍ഗ്രസിനെ സഖ്യത്തില്‍ ദുര്‍ബലമാക്കിയിരിക്കുകയാണ്. അതുപോലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രമൊരുക്കാനുമുണ്ടാവില്ല.

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലാണ് സുനിലിന് ചുമതലയുള്ളത്. അതും നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യങ്ങളാണ് അദ്ദേഹം ശ്രദ്ധിക്കുക. അതുകൊണ്ട് യാതൊരു വിദഗ്ധനും ഇല്ലാതെയാണ് സീറ്റ് വിഭജനത്തിന് കോണ്‍ഗ്രസ് ഇറങ്ങിയിരിക്കുന്നത്. ലോക്‌സഭാ സീറ്റുകളെ കുറിച്ചുള്ള ഡാറ്റകളൊന്നും കോണ്‍ഗ്രസിന് ലഭ്യമല്ല. അതുപോലെ ധനപ്രതിസന്ധിയും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. വിജയമുറപ്പിച്ച ബി ജെ പി യെ അകമഴിഞ്ഞ് സഹായിക്കുന്ന വമ്പൻമാരാരും കോൺഗ്രസിനെ സഹായിക്കാൻ തയ്യാറാകാത്തത് കോൺഗ്രസിലെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.

Facebook Comments Box