Kerala NewsLocal NewsPolitics

മഹാരാജാസ് കോളെജിലെ എസ്.എഫ്.ഐ നേതാവിനെ കുത്തിയ സംഭവം; പ്രതികള്‍ ഒളിവില്‍: തിരച്ചില്‍ തുടരുന്നു

Keralanewz.com

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനെ് കുത്തിയക്കേസില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ തുടരുന്നു.

വിദ്യാര്‍ത്ഥിനിയടക്കം കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാംവര്‍ഷം ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി അബ്‌സുള്‍ മാലിക്കാണ് ഒന്നാം പ്രതി. കഴിഞ്ഞ 17 ന് ക്യാമ്ബസില്‍ ഭിന്നശേഷിക്കാരനായ അറബിക് അധ്യാപകന്‍ ആക്രമിക്കപ്പെട്ടിരുന്നു. ആക്രമിച്ചത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു.

അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്‌എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് കെഎസ്യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്ബോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയര്‍ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. 14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്‌എഫ്‌ഐ ആരോപിച്ചു.

Facebook Comments Box