Mon. Apr 29th, 2024

ബീഹാറിലും ഇന്ത്യാ സഖ്യത്തിലും പ്രശ്‌നങ്ങള്‍… ഉത്തരവാദി കോണ്‍ഗ്രസ്: അഖിലേഷ് യാദവ്

Keralanewz.com

ലഖ്‌നൗ: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയില്‍ തുടരുന്ന അസ്വാരസ്യങ്ങളില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി (എസ്പി) തലവനുമായ അഖിലേഷ് യാദവ്.

സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യാനും ഇടപഴകാനും കോണ്‍ഗ്രസ് ആവേശം കാണിക്കുന്നു എന്ന് തോന്നുന്നില്ല എന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കോണ്‍ഗ്രസ് മുന്നോട്ട് വരേണ്ടതായിരുന്നു. ഇന്ത്യാ സഖ്യവുമായി ചര്‍ച്ച ചെയ്യുന്നതിലും ഇടപഴകുന്നതിലും കോണ്‍ഗ്രസ് കാണിക്കേണ്ട ആവേശം നഷ്ടപ്പെട്ടു,’ അഖിലേഷ് യാദവ് പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം പ്രചാരണം നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഇപ്പോള്‍ പറയാനാകില്ല എന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.

ബിഹാറിലെ നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യതയെക്കുറിച്ചും ചോദിച്ചപ്പോഴും അഖിലേഷ് കോണ്‍ഗ്രസിനെ പഴിച്ചു. കോണ്‍ഗ്രസ് മുന്‍കൈ എടുത്തിരുന്നെങ്കില്‍ നിലവിലെ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍ എന്‍ ഡി എ ക്യാമ്ബില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളില്‍ അതൃപ്തി പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല

നിതീഷ് കുമാര്‍ ഇന്ത്യാ ബ്ലോക്കില്‍ തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹമാണ് മുന്‍കൈയെടുത്ത് ഇന്ത്യാ സഖ്യം രൂപീകരിച്ചത് എന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. ‘എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ അസ്വസ്ഥനാകുന്നത്? അദ്ദേഹത്തിന്റെ പരാതികള്‍ ചര്‍ച്ച ചെയ്യാം,’ അഖിലേഷ് പറഞ്ഞു. ബിഹാറിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഇന്ത്യാ ബ്ലോക്കിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ നിതീഷ് അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സംഘടിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേട്ടത്തിന് വേണ്ടി മാത്രമാണെന്നും ഇന്ത്യാ ബ്ലോക്കിനല്ലെന്നും നിതീഷ് കുമാര്‍ വിശ്വസിക്കുന്നു. അതിനിടെ ജെഡിയുവും ആര്‍ജെഡിയും തമ്മിലുള്ള ആഭ്യന്തര ഭിന്നത ബിഹാറിലെ രാഷ്ട്രീയ വൃത്തങ്ങളെ ഇളക്കിമറിച്ചിരിക്കുകയാണ്. ബി ജെ പി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

243 അംഗ നിയമസഭയില്‍ 79 സീറ്റുകളുള്ള ആര്‍ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി ജെ പി: 78, ജെ ഡി യു: 45, കോണ്‍ഗ്രസ്: 19, ഇടത് കക്ഷികള്‍: 16, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച: 4, എ ഐ എം ഐ എം: 1, സ്വതന്ത്രര്‍: 1 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റ് നില.

Facebook Comments Box

By admin

Related Post