Kerala NewsLocal NewsPolitics

കേരളത്തില്‍ ജാതി സെന്‍സസ്‌ : തീരുമാനം സുപ്രീം കോടതി വിധിക്കുശേഷം: മന്ത്രി

Keralanewz.com

തിരുവനന്തപുരം : സുപ്രീം കോടതിയിലെ കേസിലെ വിധി വന്നശേഷം ജാതി സെന്‍സസിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കി തീരുമാനമെടുക്കുമെന്ന്‌ മന്ത്രി കെ.

രാധാകൃഷ്‌ണന്‍ നിയമസഭയില്‍ അറിയിച്ചു.
ഇവിടെ ജാതി സെന്‍സസ്‌ നടത്തുന്നതുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വെവ്വേറെ കേസുകളുണ്ട്‌. സര്‍ക്കാര്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തിട്ടുമുണ്ട്‌. ഈ കേസുകളിലെ അന്തിമവിധികളുടെ അടിസ്‌ഥാനത്തില്‍, ആവശ്യമായ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും ഡോ: എം.കെ. മുനീറിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മന്ത്രി പറഞ്ഞു.
ഭരണഘടനാപ്രകാരം, കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്‌ ജനസംഖ്യാ കണക്കെടുപ്പ്‌. ഭരണഘടനയുടെ 105-ാം ഭേദഗതി പ്രകാരം സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ജാതി സെന്‍സസ്‌ നടത്തുന്നതിനും സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പട്ടിക തയാറാക്കുന്നതിനും അധികാരം നല്‍കിയിട്ടുണ്ട്‌. എന്നാല്‍, സെന്‍സസിന്റെ ഭാഗമായി സമഗ്രമായ വിവരശേഖരണം നടത്തുന്നതിലൂടെ മാത്രമേ വിവിധ ജനവിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യാ കണക്കുകളും അനുബന്ധമായ വിവരങ്ങളും ലഭ്യമാകൂ. കാലാനുസൃതമായി സംവരണം പുനഃക്രമീകരിക്കുന്നതിനും പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും കൃത്യമായ ജനസംഖ്യാ കണക്കുകള്‍ ആവശ്യമാണ്‌. സംസ്‌ഥാനത്തിന്റെ പരിമിതിയില്‍ നിന്ന്‌ ജാതി സെന്‍സസ്‌ നടത്തുന്നതിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ദേശീയ പശ്‌ചാത്തലത്തില്‍ വിലയിരുത്തുന്നതിനു സാധിക്കില്ല. 2021-ല്‍ നടക്കേണ്ടിയിരുന്ന, എന്നാല്‍ ഇനിയും നടത്തിയിട്ടില്ലാത്ത, സെന്‍സസിന്റെ ഭാഗമായി സാമൂഹിക- സാമ്ബത്തിക സ്‌ഥിതി വിവരങ്ങള്‍ സമഗ്രമായി ശേഖരിക്കുകയാണ്‌ ഉചിതം. 2011-ലെ സാമൂഹിക-സാമ്ബത്തിക ജാതി സെന്‍സസിലൂടെ ശേഖരിച്ച വിവരങ്ങള്‍ പിന്നാക്കവിഭാഗ വികസന വകുപ്പ്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിനു കത്ത്‌ നല്‍കിയിരുന്നുവെങ്കിലും കരട്‌ ജാതി ഡാറ്റ ഒരു ഏജന്‍സിക്കും നല്‍കാനാവില്ലെന്നാണ്‌ അവര്‍ അറിയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

Facebook Comments Box