Sat. Apr 27th, 2024

2019 ൽ കോട്ടയം സീറ്റിൽ മത്സരിക്കാൻ വാശി പിടിച്ച ജോസഫ് ഇക്കുറി എന്തേ മൗനത്തിൽ ?

Keralanewz.com

കോട്ടയം:2019 ൽ കോട്ടയം സീറ്റ് ആവശ്യപ്പെട്ട് പാർട്ടിയിൽ ലഹള ഉയർത്തിയ പി . ജെ.ജോസഫ് ഇത്തവണ മത്സരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നത് എന്ത് കൊണ്ട് ? 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് തനിക്ക് കിട്ടിയേ തീരൂ എന്ന് വാശിപിടിച്ച പി ജെ ജോസഫ് ഇത്തവണ മത്സരിക്കുവാൻ താല്പര്യം പ്രകടിപ്പിക്കാത്തതിൽ സംശയങ്ങൾ ഏറെ ബാക്കിയാണ്. കെഎം മാണി ചെയർമാനായ സംയുക്ത കേരള കോൺഗ്രസിന് യുഡിഎഫ് 2019ലെ തിരഞ്ഞെടുപ്പിൽ അനുവദിച്ച കോട്ടയം ലോക്സഭാ സീറ്റിൽ തനിക്കാണ് ഏറ്റവും അർഹത എന്നും താനാണ് യോഗ്യൻ എന്നും പരസ്യമായി പ്രഖ്യാപിക്കുകയും ,ലോകസഭാ സീറ്റിനു വേണ്ടി ചില്ലറ കലഹങ്ങൾ പാർട്ടിയിൽ ഉണ്ടാക്കുകയും ചെയ്ത പിജെ ജോസഫ് ഇത്തവണ കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കുവാൻ യുഡിഎഫ് അവസരം നൽകിയപ്പോൾ താല്പര്യം പ്രകടിപ്പിക്കാതെ മാറി നിൽക്കുന്നത് എന്തിനാണ് ? ഇത് സംബന്ധിച്ച ചർച്ചകൾ നവ മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. അന്നൊരു പക്ഷേ കേരള കോൺഗ്രസ് പാർട്ടികളുടെ പിളർപ്പിന് തന്നെ കാരണമായിരിക്കും എന്ന് സംശയിച്ച പ്രതിസന്ധിയാണ് കോട്ടയം ലോക്സഭാ സീറ്റിന്റെ പേരിൽ പിജെ ജോസഫും കൂട്ടരും ഉണ്ടാക്കിയത്. അന്തരിച്ച കെഎം മാണി കാൻസർ ബാധിതനായി ചികിത്സ തേടിയിരുന്ന സമയത്താണ് ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നത്. തലേ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ജോസ് കെ മാണി രാജ്യസഭാംഗമാകുന്നതിനായി ലോക്സഭാംഗത്വം രാജിവച്ചിരുന്നു. തുടർന്ന് ഏതാനും മാസങ്ങൾക്ക് ശേഷം വന്ന തെരഞ്ഞെടുപ്പിലാണ്. സംയുക്ത കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാനായ പി ജെ ജോസഫ് തനിക്ക് ലോക്സഭയിൽ മത്സരിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. അതിനായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് തന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ് ലോകസഭാംഗം ആവുക എന്നുള്ളത്. ഒരിക്കൽ എംപി ആകണമെന്ന മോഹവുമായി മൂവാറ്റുപുഴ സീറ്റ് യുഡിഎഫിൽ ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോൾ യുഡിഎഫിൽ നിന്നും വിട്ടു പിരിയുകയും അവിടെ സ്വതന്ത്രനായി മത്സരിച്ച പാരമ്പര്യവും അദ്ദേഹം അന്നുയർത്തി കാണിച്ചിരുന്നു. പാർട്ടിയിലെ ജോസഫ് വിഭാഗം നേതാക്കൾ എല്ലാവരും ഇതിനായി കെഎം മാണിയിൽ സമ്മർദ്ദം ചെലുത്തുകയും സീറ്റ് നേടുന്നതിന് വേണ്ടി മത മേലധ്യക്ഷന്മാരെ വരെ ശുപാർശ ചെയ്യി ക്കുകയും ചെയ്ത ചരിത്രമുള്ള ജോസഫ്, ഇന്ന് കോട്ടയം ലോക്സഭാ സീറ്റ് ഏറ്റെടുക്കണമെന്ന് അണികൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും മൗനം പാലിക്കുന്നതിൽ അദ്ദേഹത്തിൻറെ പാർട്ടിയിൽ ഉൾപ്പെട്ട വലിയൊരു വിഭാഗം ആശയക്കുഴപ്പത്തിലാണ് .
മാണി വിഭാഗം നേതാക്കൾ ഇത് സംബന്ധിച്ച് നവമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ ഇങ്ങനെയാണ്. അസുഖബാധിതനായ കെഎം മാണിയുടെ കാലശേഷം കേരള കോൺഗ്രസ് (എം ) പാർട്ടി ഹൈജാക്ക് ചെയ്യുവാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് അന്ന് ജോസഫ് സീറ്റ് ചോദിച്ചത്. മാണി അന്ന് സീറ്റ് അനുവദിച്ചിരുന്നെങ്കിൽ കേരള കോൺഗ്രസ് എം പാർട്ടിയുടെ പേരും ചിഹ്ന്നവും ജോസഫ് കൊണ്ടുപോകുമായിരുന്നു എന്നവർ ആരോപിക്കുന്നു. പാർട്ടി പിടിക്കാൻ വേണ്ടി ജോസഫ് നടത്തിയ ഗൂഢ തന്ത്രം ആയിരുന്നു കോട്ടയം സീറ്റിന്മേലുയർത്തിയ അവകാശവാദം എന്നും അവർ പറഞ്ഞുവയ്ക്കുന്നു. വാദപ്രതിവാദങ്ങൾ ഉയരുമ്പോഴും ഒരു കാര്യം വ്യക്തമാണ് നിലവിലെ സാഹചര്യത്തിൽ കോട്ടയം സീറ്റിൽ മത്സരിക്കാൻ പിജെ ജോസഫ് ആഗ്രഹിച്ചാൽ യുഡിഎഫിൽ നിന്നും വ്യത്യസ്ത അഭിപ്രായമുണ്ടാകുവാൻ ഇടയില്ല എന്ന് മാത്രമല്ല കേരള കോൺഗ്രസ് പാർട്ടിയൂടെ ഉന്നതാ ധികാര സമിതി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ജോസഫിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്രയും അനുകൂല സാഹചര്യങ്ങൾ ഉള്ളപ്പോൾ തൻറെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായ ലോക്സഭാംഗമാകുക എന്ന ലക്ഷ്യം ജോസഫ് ഉപേക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Facebook Comments Box

By admin

Related Post