Wed. May 15th, 2024

വയനാട്ടില്‍ കൊലയാളി കാട്ടാനയെ കുങ്കിയാനകള്‍ വളഞ്ഞു; ഉടൻ മയക്കുവെടി വെക്കും

By admin Feb 11, 2024
Keralanewz.com

മാനന്തവാടി: അജീഷെന്ന 47 കാരന്റെ ജീവനെടുത്ത കൊലയാളി ആന ബേലൂർ മാഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂർത്തിയാക്കി വനം വകുപ്പ്.

വയനാട്ടില്‍ കൊലയാളി കാട്ടാനയെ കുങ്കിയാനകള്‍ വളഞ്ഞു. ഉടൻ മയക്കുവെടി വെക്കുമെന്നാണ് റിപ്പോർട്ട്. നിലവില്‍ മാനന്തവാടിക്കടുത്ത് മണ്ണുണ്ടി മേഖലയിലാണ് ആന ഉള്ളതെന്നാണ് റേഡിയോ കോളർ സിഗനലില്‍ നിന്നുള്ള വിവരം.

ഇതനുസരിച്ച്‌ വനം വകുപ്പിന്റെ പ്രത്യേക സംഘം ഈ പ്രദേശം വളഞ്ഞിട്ടുണ്ട്. ദൗത്യത്തിനായി കുങ്കിയാനകളേയും സ്ഥലത്തേക്ക് എത്തിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്തേക്ക് ആന എത്തിയാല്‍ ഉടൻ തന്നെ മയക്കുവെടി വെക്കാനാണ് വനം വകുപ്പിന്റെ നീക്കം. അതേസമയം നിലവില്‍ ആന ഉണ്ടെന്ന് പറയുന്ന മണ്ണുണ്ടിയും ജനവാസ മേഖലയാണ്. ഇത് വനം വകുപ്പിന്റെ ദൗത്യത്തെ ശ്രമകരമാക്കും.

കർണ്ണാടക വനാതിർത്തിയായ ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് മണ്ണുണ്ടി കോളനി. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാല്‍ തന്നെ ആന സ്വയം കാട്ടിലേക്ക് കയറി പോകാനുള്ള സാധ്യതയും വനം വകുപ്പ് കാണുന്നു. എന്നാല്‍ ഇത്തരത്തില്‍ ആനയെ കാട്ടിലേക്ക് കയറ്റി വിടരുതെന്ന നിലപാടാണ് പ്രദേശ വാസികള്‍ക്കുള്ളത്. ആനയെ മടക്കുവെടി വെച്ച്‌ പിടികൂടിയില്ലെങ്കില്‍ അത് വീണ്ടും കാടിറങ്ങുമെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്.

ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂർ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇത് ആനയെ കൃത്യമായി മാർക്ക് ചെയ്ത് പിടികൂടാനുള്ള വനം വകുപ്പിന്റെ നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഏത് സമയത്തും ദൗത്യം ആരംഭിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ് .

Facebook Comments Box

By admin

Related Post