Fri. May 3rd, 2024

ഹെവി മെഷിനറിയില്‍ സാന്നിധ്യമറിയിച്ച്‌ കേരളവും

By admin Feb 12, 2024
Keralanewz.com

കൊച്ചി: കാക്കനാട് നടക്കുന്ന മെഷിനറി എക്‌സ്‌പോയില്‍ ഹെവി മെഷിനറിയില്‍ ആദ്യമായി കേരത്തില്‍നിന്നുള്ള സംരംഭകരും സാന്നിധ്യമറിയിച്ചു.

സാറ്റോ ക്രെയിനുമായി സീ ഷോര്‍ ഗ്രൂപ്പിന്‍റെ സഹകരണത്തിലുള്ള മതിലകം ലീവേജ് എന്‍ജിനിയറിംഗ് കമ്ബനിയും വേസ്റ്റ് ടു ക്ലീന്‍ യന്ത്രവുമായി വാളകം ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സുമാണ് എക്‌സ്‌പോയില്‍ അണിനിരന്നത്.

ഖത്തറിലെ സീഷോര്‍ കമ്ബനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പൂര്‍ണമായും കേരളത്തില്‍ നിര്‍മിച്ച സാറ്റോ ക്രെയിന്‍ സാധനങ്ങള്‍ ലോഡിംഗും അണ്‍ലോഡിംഗും ചെയ്യാന്‍ പ്രയോജനപ്പെടും. ട്രക്കില്‍ നിലയുറപ്പിച്ച്‌ ഏതു ദിശയിലും ചലിപ്പിക്കാനാകുന്ന ക്രെയിനുകള്‍ വിവിധ ശേഷികളിലുണ്ട്. മൂന്നു മുതല്‍ 12 ടണ്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഇത്തരം ലോഡിംഗ്-അണ്‍ലോഡിംഗ് ക്രെയിനുകള്‍ കേരളത്തില്‍ നിർമിക്കുന്നത് ഇതാദ്യമാണ്. എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം മാർച്ചില്‍ നടക്കുമെന്ന് ചെയര്‍മാന്‍ മുഹമ്മദാലി സീഷോറും വൈസ് ചെയര്‍മാന്‍ എ.വി. സിദ്ദീഖും പറഞ്ഞു.

ഭക്ഷ്യാവശിഷ്‌ടങ്ങള്‍ നൂറു ശതമാനം മാലിന്യമുക്തമായി സംസ്‌കരിച്ച്‌ കമ്ബോസ്റ്റാക്കി മാറ്റുന്നതാണ് മൂവാറ്റുപുഴ വാളകത്തെ ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സിന്‍റെ വേസ്റ്റ് ടു ക്ലീന്‍ യന്ത്രം. 24 മണിക്കൂര്‍കൊണ്ട് നൂറു കിലോഗ്രാം ജൈവ, ഭക്ഷ്യ അവശിഷ്‌ടങ്ങള്‍ കമ്ബോസ്റ്റാക്കി മാറ്റാനാകും. ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സിന്‍റെ ടെലിസ്‌കോപ്പിക് കണ്‍വേയറും എക്‌സ്‌പോയിലെ ശ്രദ്ധേയ യന്ത്രമാണ്.

20 അടി കണ്ടെയ്‌നറില്‍ ലോഡിംഗ് നടത്താനും അരിക്കമ്ബനികളില്‍ 24 അടി വരെ ഉയരത്തില്‍ അരി, നെല്ല് ചാക്കുകള്‍ എത്തിക്കാനും സഹായകമായ ടെലിസ്‌കോപ്പിക് കണ്‍വേയര്‍ ഉപയോഗിച്ച്‌ 450 ചാക്ക് വരെ വളരെ എളുപ്പത്തില്‍ ഉയരത്തില്‍ എത്തിക്കാനാകും. നികുതിക്കുപുറമെ 12 ലക്ഷം മുതലാണു വില.

എന്‍ജിനിയര്‍ സഹോദരങ്ങളായ അരുണ്‍ചന്ദ്രനും അഖില്‍ചന്ദ്രനും പാർട്ണര്‍മാരായി നടത്തുന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സ്.

Facebook Comments Box

By admin

Related Post