Sun. May 19th, 2024

സപ്ലൈകോ നിരക്കുവര്‍ധന : പൊതുവിപണിയിലും 30% വരെ വില കൂടും

By admin Feb 16, 2024
Keralanewz.com

തിരുവനന്തപുരം : സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടിയതു പൊതുവിപണിയിലും 20-30% വിലക്കയറ്റത്തിനിടയാക്കും.

ഇപ്പോള്‍തന്നെ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനത്തിനു സപ്ലൈകോ നടപടിയും പൊതുവിപണിയില്‍ അതിന്റെ പ്രത്യാഘാതവും ഇരുട്ടടിയാകും.
സാമ്ബത്തികപ്രതിസന്ധിയുടെ പേരില്‍ ജനത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച വിലക്കയറ്റം തെരഞ്ഞെടുപ്പുകാലത്ത്‌ രാഷ്‌ട്രീയകക്ഷികളുടെ ഫണ്ടിലേക്കു കോടികള്‍ ഒഴുകാനുള്ള മാര്‍ഗം കൂടിയാണ്‌. കരാറുകാരും വന്‍കിടക്കാരും വിപണിയില്‍ സാധനമെത്തിക്കാതെ പൂഴ്‌ത്തിവച്ചതാണു സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്‌. കുടിശികയുടെ പേരില്‍ ടെന്‍ഡറില്‍ പങ്കെടുക്കാതെ കരാറുകാര്‍ വിട്ടുനിന്നതു മൂലം സപ്ലൈകോ, മാവേലി സ്‌റ്റോറുകള്‍ കാലിയായിരുന്നു. കരാറുകാരുടെ പക്കല്‍ വന്‍തോതില്‍ സാധനങ്ങള്‍ സ്‌റ്റോക്കുള്ളതു പരിശോധിക്കാതെയാണു സര്‍ക്കാര്‍ ജനത്തെ ശിക്ഷിക്കുന്നത്‌. പൂഴ്‌ത്തിവച്ച സാധനങ്ങള്‍ വിപണിയിലിറക്കുന്നതോടെ കരാറുകാര്‍ കൊള്ളലാഭം കൊയ്യും. അതിന്റെ വിഹിതം രാഷ്‌ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കും ഒഴുകും.അവശ്യസാധനങ്ങള്‍ പൂഴ്‌ത്തിവയ്‌ക്കുന്നവരെ കരിമ്ബട്ടികയില്‍പ്പെടുത്തുന്ന നടപടിക്കു സര്‍ക്കാര്‍ തയാറാകാത്തതും സംശയാസ്‌പദമാണ്‌. പകരം, കൃത്രിമക്ഷാമം സപ്ലൈകോയിലും വില കൂട്ടാനുള്ള കാരണമാക്കി മാറ്റി. സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടിയതു കാലോചിതമാറ്റമാണെന്നാണു ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ ഭാഷ്യം. സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടില്ലെന്ന എല്‍.ഡി.എഫ്‌. വാഗ്‌ദാനം അഞ്ചുവര്‍ഷം മുമ്ബായിരുന്നെന്നും അതു കഴിഞ്ഞ്‌ മൂന്നുവര്‍ഷം കൂടി പിന്നിട്ടെന്നും മന്ത്രി പറയുന്നു.
സബ്‌സിഡി 25 ശതമാനമാക്കാനായിരുന്നു തീരുമാനമെന്നും അതാണിപ്പോള്‍ 35 ശതമാനമാക്കിയതെന്നും മന്ത്രി ന്യായീകരിച്ചു.
സപ്ലൈകോയെ രക്ഷിക്കാനുള്ള പൊടിക്കൈ മാത്രമാണിത്‌. കരാറുകാരുടെ കുടിശിക കൊടുത്തുതീര്‍ത്താല്‍പ്പോലും പ്രതിസന്ധി പരിഹരിക്കപ്പെടാത്ത അവസ്‌ഥയാണ്‌. മൂന്നുമാസം കൂടുമ്ബോള്‍ വിപണിവിലയ്‌ക്കനുസരിച്ച്‌ സബ്‌സിഡി സാധനങ്ങളുടെ വില പുനര്‍നിര്‍ണയിക്കും. നടപടി ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
അതേസമയം, സപ്ലൈകോയില്‍ 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു ലഭിച്ചിരുന്ന 55% വരെ സബ്‌സിഡി 35 ശതമാനമായി കുറഞ്ഞെന്ന യാഥാര്‍ത്ഥ്യം മന്ത്രി വളച്ചൊടിക്കുകയാണെന്ന്‌ ആരോപണമുയര്‍ന്നു. 2016-നുശേഷം സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില ഉയര്‍ത്തിയിരുന്നില്ല. ഇത്‌ സര്‍ക്കാരിന്റെ നേട്ടപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ കരാറുകാരുടെ കുടിശിക അനുവദിക്കുക അല്ലെങ്കില്‍ വില ഉയര്‍ത്തുക എന്നതായിരുന്നു സപ്ലൈകോ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌. ഇതില്‍ വില കൂട്ടാനുള്ള നിര്‍ദേശത്തിനാണു കഴിഞ്ഞ നവംബറില്‍ ഇടതുമുന്നണി യോഗം അനുവാദം നല്‍കിയത്‌. തുടര്‍ന്ന്‌ ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ധസമിതി രൂപീകരിച്ചു. സമിതി നല്‍കിയ ശിപാര്‍ശയുടെയും അടിസ്‌ഥാനത്തിലാണ്‌ ഇപ്പോഴത്തെ നടപടി.
സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പ്രതിവര്‍ഷം 350 കോടി രൂപയാണു സപ്ലൈകോയ്‌ക്ക്‌ ചെലവ്‌. മാസന്തോറും 40 ലക്ഷത്തിലേറെ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നുണ്ട്‌. വിലവര്‍ധന മുന്നില്‍ക്കണ്ട കരാറുകാര്‍ ഇതരസംസ്‌ഥാനങ്ങളിലനിന്ന്‌ ഉള്‍പ്പെടെ കുറഞ്ഞവിലയ്‌ക്കു സംഭരിച്ച സാധനങ്ങളാവും അടുത്ത ടെന്‍ഡറില്‍ സപ്ലൈകോയ്‌ക്കു നല്‍കി കോടികള്‍ കൊയ്യുക. സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ പൊതുവിപണിയില്‍ 1446 രൂപയ്‌ക്കു ലഭിക്കുന്ന സാധനങ്ങള്‍ 940 രൂപയ്‌ക്കാകും സപ്ലൈകോയില്‍ ലഭ്യമാകുക. 506 രൂപയുടെ സബ്‌സിഡി ആനുകൂല്യം ഗുണഭോക്‌താവിനു ലഭിക്കുമെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Facebook Comments Box

By admin

Related Post