Sun. May 19th, 2024

കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെല്ലാം ലോറിയില്‍ ഡ്രില്ലറെത്തിച്ച്‌ കുഴിക്കുന്നു, കേരളം രൂക്ഷമായ ജലപ്രതിസന്ധിയിലേക്ക്

By admin Mar 4, 2024
OLYMPUS DIGITAL CAMERA
Keralanewz.com

തൃശൂർ: ഓരോ വർഷം കഴിയുംതോറും ഭൂഗർഭ ജലം താഴുന്നതോടെ ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷതയിലേക്ക്. കിണറുകളിലും ജലലഭ്യത കുറയുകയാണ്.

വേനല്‍ ശക്തിപ്രാപിച്ചതോടെ ജലസ്രോതസുകളും വരളുന്നു. കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റി, പുഴകളിലും ഒഴുക്ക് നിലച്ചു. ലോറികളിലും മറ്റുമാണ് ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്നത്. കുടിവെള്ളം എത്തിക്കാൻ സ്വകാര്യ എജൻസികളും വ്യാപകമായി രംഗത്തുണ്ട്.

കുഴല്‍ കിണറുകള്‍ ഭീഷണി

കുടിവെള്ള ക്ഷാമം അതിരൂക്ഷമായതോടെ കുഴല്‍കിണറുകള്‍ വ്യാപകമാവുകയാണ് ജില്ലയില്‍. സംസ്ഥാനത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുപോലും നൂറിലധികം ഡ്രില്ലറുകള്‍ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. കുഴല്‍ കിണറുകളുടെ എണ്ണം വർദ്ധിക്കുന്നതും രൂക്ഷമായ ജലപ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

കുഴല്‍ കിണറുകള്‍ മൂലം മണ്ണിന്റെ പ്രതലത്തില്‍ നിന്നുള്ള ഉറവകള്‍ കുറയും. ഭൂരിഭാഗം കുഴല്‍ കിണറുകളിലും മണ്ണിന്റെ പ്രതലം കഴിഞ്ഞ് പാറകള്‍ തുരന്നാണ് പൈപ്പിടുന്നത്. ഇതിനാല്‍ തൊട്ടടുത്തുള്ള കിണറുകളിലെ വെള്ളം വരെ താഴ്ന്ന് പോകും. ജില്ലാ ഭൂജല വകുപ്പ് ഓഫീസില്‍ നിന്ന് അനുമതി വാങ്ങിയശേഷമേ കുഴല്‍കിണറുകള്‍ പാടുള്ളൂവെന്നാണ് നിയമമെങ്കിലും പാലിക്കാറില്ല.

ലോറികളില്‍ ഡ്രില്ലറുകളുമായി എത്തുന്നവർ രാത്രിയാണ് കുഴല്‍ക്കിണർ കുഴിക്കുന്നത്. രാവിലെ ആകുമ്ബോഴേക്കും പൂർത്തിയാക്കി സ്ഥലം വിടും. തമിഴ്നാട് നിന്നുള്ള സംഘങ്ങളാണ് കൂടുതലും വരുന്നത്. ട്രാക്ടർ, ലോറി എന്നിവയില്‍ ഘടിപ്പിച്ച യന്ത്രങ്ങളുമായി എത്തിയാണ് കിണർ നിർമാണം. ശരാശരി 250 അടിവരെ കുഴിച്ച്‌ പൈപ്പിടുന്നതിന് 80,000 വരെയാണ് ഈടാക്കാറുള്ളത്.

ഉപയോഗം വർദ്ധിക്കുന്നു
ഒരാള്‍ക്ക് ഒരു ദിവസം നൂറു ലിറ്റർ വെള്ളം വേണമെന്നതാണ് ശാസ്ത്രീയ രീതി. എന്നാല്‍ വേനലായതിനാല്‍ ഇതിന്റെ രണ്ടും മൂന്നും മടങ്ങ് കൂടുതല്‍ വേണ്ടിവരുന്നുണ്ട്. ഇതിനാല്‍ വെള്ളം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. ജില്ലയിലെ ഡാമുകളില്‍ ശരാശരിയേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പ്. വേനല്‍മഴ ലഭിച്ചാല്‍ മാത്രമെ കുടിവെള്ളക്ഷാമത്തിന് അല്‍പ്പമെങ്കിലും ആശ്വാസമാകൂ

Facebook Comments Box

By admin

Related Post