Sat. May 4th, 2024

കോട്ടയത്തിന് അഭിമാനം സ്വദേശിദർശൻ പദ്ധതിയിൽ ഇടം നേടി കുമരകം; പദ്ധതിയിൽ ഉൾപ്പെട്ടത് തോമസ് ചാഴികാടൻ എം പിയുടെ നിരന്തര ഇടപെടലിനെ തുടർന്ന് .

By admin Mar 6, 2024
Keralanewz.com

കോട്ടയം: കേന്ദ്ര വിനോദസഞ്ചാരവകുപ്പിന്റെ അഭിമാനപദ്ധതിയായ സ്വദേശി ദർശനിൽ കുമരകവും ഇടം നേടി. കുമരകത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിന് തുറന്നുനൽകാൻ കഴിയുന്ന പദ്ധതികളുണ്ടാവണമെന്ന തോമസ് ചാഴികാടൻ എം പിയുടെ നിരന്തര ആവശ്യമാണ് ഇതിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഉത്തരവാദിത്വ, സുസ്ഥിര വിനോദസഞ്ചാരപദ്ധതിയുടെ സാധ്യത കുമരകത്തിന് പ്രയോജനപ്പെടുത്തുന്നതടക്കം ലോകസഭയിൽ ഏഴുതവണ ചോദ്യങ്ങൾ ഉന്നയിച്ച് സഭയുടെ ശ്രദ്ധനേടാൻ തോമസ് ചാഴികാടന് കഴിഞ്ഞിരുന്നു.
2014-15 സാമ്പത്തിക വർഷത്തിലാണ് കേന്ദ്രവിനോദസഞ്ചാരവകുപ്പ് ആകർഷക പദ്ധതിയായി സ്വദേശി ദർശൻ ആരംഭിച്ചത്. 2018-19 വരെ രാജ്യത്ത് 76 പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. ഇപ്പോൾ സ്വദേശി ദർശൻ 2.0 (എസ്ഡി 2.0) എന്ന പേരിലുള്ള പുതിയ നീക്കത്തിലാണ് കുമരകത്തിന് വിനോദസഞ്ചാരവികസനഭൂപടത്തിൽ ഇടം നേടാനായത്.

രാജ്യത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കാൻ കഴിയുന്ന പദ്ധതിയിൽ സംസ്ഥാനത്ത് കുമരകത്തിന് മാത്രമാണ് ഇടം നേടാൻ കഴിഞ്ഞതെന്നത് വലിയ നേട്ടമായി.
വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതിനപ്പുറം ഒരു പ്രദേശത്തിന്റേയും മനുഷ്യസമ്പത്തിന്റേയും വികസനം ഉറപ്പാക്കാൻ കഴിയുംവിധമാണ് സ്വദേശി ദർശൻ 2.0 ക്രമീകരിച്ചിട്ടുള്ളത്. ഇതിലൂടെ വിനോദസഞ്ചാരകേന്ദ്രത്തിന്റെ സമസ്തമേഖലകളിലും വികസനമെത്തിക്കാൻ കഴിയും. സ്ഥാപനങ്ങൾ, സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം സംസ്‌കാരം, പാരമ്പര്യം, സാഹസികം, പ്രകൃതി, ഗ്രാമീണം, കടൽത്തീരം എന്നിങ്ങനെയുള്ള സാധ്യതകൾ ഓരോ പ്രദേശത്തിനും അനുയോജ്യമായി വികസിപ്പിക്കാൻ കഴിയും. ആവശ്യമെങ്കിൽ ഗതാഗത സൗകര്യങ്ങളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രാദേശിക ഭരണകൂടവുമായി ആലോചിച്ച് സ്ത്രീകൾക്കും യുവജനങ്ങൾക്കും തൊഴിൽ സാധ്യതകളുളവാക്കുന്ന വികസനമുന്നേറ്റമാണ് പദ്ധതിയിലൂടെ കരഗതമാകുന്നത്. പദ്ധതി നിർവഹണം, ഫണ്ട് വിനിയോഗം എന്നിവ സംബന്ധിച്ചും വ്യക്തമായ നിർദ്ദേശങ്ങളുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ജമ്മുകാശ്മീരിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും.

Facebook Comments Box

By admin

Related Post