ബോണ്ട് നമ്ബര്‍ എവിടെ? സുപ്രീംകോടതിയുടെ നിര്‍ണായക ചോദ്യത്തിന് എസ്.ബി.ഐ ഇന്ന് മറുപടി നല്‍കും
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയല്‍ നമ്ബർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് മറുപടി നല്‍കും.
ബോണ്ടുകളുടെ സവിശേഷ തിരിച്ചറിയല്‍ നമ്ബർ (അല്‍ഫ ന്യൂമെറിക് നമ്ബർ) പുറത്തുവിട്ടാല്‍ മാത്രമാണ് ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകുക. അതിനാല്‍, സുപ്രീംകോടതിയില്‍ എസ്.ബി.ഐ ഇന്ന് നല്‍കുന്ന മറുപടി നിർണായകമാകും.
ബോണ്ടിന്‍റെ നമ്ബർ വെളിപ്പെടുത്താതിരുന്നതിലൂടെ വിധി എസ്.ബി.ഐ പൂർണാർഥത്തില്‍ നടപ്പാക്കിയില്ലെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച വിമർശിച്ചിരുന്നു. ‘സവിശേഷ തിരിച്ചറിയല്‍ നമ്ബർ ‘ വെളിപ്പെടുത്തിയാല്‍ ഓരോ രാഷ്ട്രീയ പാർട്ടികള്‍ക്കും ലഭിച്ച ഇലക്ടറല്‍ ബോണ്ടുകള്‍ ആരുടേതാണെന്ന് വ്യക്തമാകുമെന്നും എന്നാല്‍, എസ്.ബി.ഐ ആ വിവരം കൈമാറിയില്ലെന്നും മുതിർന്ന അഭിഭാഷകരായ കപില്‍ സിബലും പ്രശാന്ത് ഭൂഷണുമാണ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്.
കൂടുതല്‍ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്ബനികളുടെ പട്ടികയില്‍ മൂന്നും അന്വേഷണം നേരിടുന്നതിന്‍റെ തെളിവുകള്‍ നേരത്തെ വന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന നിരവധി നിർമാണ കമ്ബനികളും ബോണ്ടുകള്‍ വാങ്ങി. ഇവയെല്ലാം വാങ്ങിയ ബോണ്ടുകളുടെ തുക ആർക്കാണ് ലഭിച്ചതെന്ന കാര്യം പുറത്തുവരുന്നത് കേന്ദ്ര സർക്കാറിന് നിർണായകമാണ്.
പേരുവെളിപ്പെടുത്താതെ വ്യക്തികള്‍ക്കും കമ്ബനികള്‍ക്കും രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള സംവിധാനമായ ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബോണ്ട് വഴി നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എസ്.ബി.ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ മാർച്ച് 14ന് തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താൻ ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കണമെന്ന് എസ്.ബി.ഐ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് അനുവദിച്ചിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബോണ്ട് വിവരങ്ങള്‍ പുറത്തുവരാതിരിക്കാൻ എസ്.ബി.ഐയെ മുന്നില്‍ നിർത്തി കേന്ദ്രം നടത്തിയ നീക്കമാണ് ഇതിലൂടെ സുപ്രീംകോടതി പൊളിച്ചത്.