National NewsPolitics

അസാധാരണ നീക്കവുമായി കേരളം; രാഷ്‌ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാനത്തിന്‍റെ ഹര്‍ജി

Keralanewz.com

ദില്ലി: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്.

രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് കാട്ടിയാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകള്‍ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയര്‍ന്നിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരായ പരാതിയെന്ന് പറയുമ്ബോള്‍ സുപ്രീംകോടതിയില്‍ തന്നെ ഇതൊരു അപൂര്‍വമായ ഹര്‍ജിയാണ്.

Facebook Comments Box