Sat. Apr 27th, 2024

അമേഠിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഭയക്കുന്നു: സ്മൃതി ഇറാനി

By admin Mar 28, 2024
Keralanewz.com

അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഭയമാണ്.

അതാണ് പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയില്‍ ആരെ വേണമെങ്കിലും കോണ്‍ഗ്രസിന് തീരുമാനിക്കാം. ഇത് ആദ്യമായാണ് ഇത്രയും വൈകുന്നതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ബിജെപിയ്ക്ക് 400 സീറ്റ് ലഭിക്കും. 400ാമത്തെ സീറ്റ് അമേഠിയിലേത് ആയിരിക്കുമെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു.

‘പ്രസ്താവന അഹങ്കാരമായി തെറ്റിദ്ധരിക്കരുത്, ഞങ്ങള്‍ ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി, നാല് ലക്ഷം കുടുംബങ്ങള്‍ക്ക് കക്കൂസുകളും 12 ലക്ഷം പേര്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷനും നല്‍കിയിട്ടുണ്ട്. പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചു. പഴയവയില്‍ പുതിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ചു.’, ഇറാനി പറഞ്ഞു.

ഗാന്ധിമാരോ കോണ്‍ഗ്രസോ ഇപ്പോഴും കേന്ദ്രത്തില്‍ അധികാരത്തിലിരുന്നെങ്കില്‍ അയോധ്യ യാഥാര്‍ത്ഥ്യമാവുകയില്ലായിരുന്നു. അധികാരത്തിലിരുന്നപ്പോള്‍ ശ്രീരാമന്റെ അസ്തിത്വം നിഷേധിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക ഭരണഘടനാ പദവികള്‍ ജമ്മു കശ്മീരില്‍ നിന്ന് പിന്‍വലിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ലെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു.

2019ല്‍ ആണ് രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി അമേഠി പിടിച്ചെടുത്തത്. ഇത്തവണയും അമേഠിയില്‍ മത്സരിക്കാന്‍ സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. അമേഠിയില്‍ നിന്നുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സസ്‌പെന്‍സ് നിലനില്‍ക്കെ വയനാട്ടില്‍ നിന്ന് രാഹുലിനെ വീണ്ടും മത്സരിപ്പിക്കുന്നതിനും കോണ്‍ഗ്രസിനെ സ്മൃതി ഇറാനി പരിഹസിച്ചു.

Facebook Comments Box

By admin

Related Post