കോട്ടയം: ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കുമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനത്തില്‍ പുതുമയില്ല.
കഴിഞ്ഞ പല തദ്ദേശ, നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇവര്‍ സൗകര്യപൂര്‍വ്വം എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്‌ക്കുകയായിരുന്നു.
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമാണ് എസ്ഡിപിഐ. പിഎഫ്‌ഐക്ക് നിരോധിച്ചതോടെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം എസ്ഡിപിഐയിലായി എന്നു മാത്രം. ഇവരില്‍ പലരും സിപിഎമ്മിലും കോണ്‍ഗ്രസിലും ചേക്കേറിയിട്ടുമുണ്ട്. ഇത് പിഎഫ്‌ഐ തന്നെ മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
എസ്ഡിപിഐ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അതത് സ്ഥലങ്ങളിലെ അന്തരീക്ഷമനുസരിച്ച് ധാരണയുണ്ടാക്കി. ഇപ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും എല്‍ഡിഎഫ് എസ്ഡിപിഐയുടെ പിന്തുണയോടെ ഭരിക്കുന്നുണ്ട്. ഇവര്‍ക്കു പുറമേ ജമാ അത്തെ ഇസ്ലാമിയും അവരുടെ രാഷ്‌ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയും മദനിയുടെ പിഡിപിയും മുന്നണികള്‍ക്ക് മാറിമാറി പിന്തുണ നല്‍കിയിട്ടുണ്ട്.
ലോക്‌സഭയിലേക്ക് ദേശീയപാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നു. നിയമസഭയിലേക്ക് എല്‍ഡിഎഫിന് ഒപ്പവും. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് ആശങ്കയിലായി എന്നാണ് പ്രചാരണം. എന്നാല്‍ കോണ്‍ഗ്രസിനോ സിപിഎമ്മിനോ അത്തരമൊരു ആശങ്കയും ഇല്ല. ഹിന്ദുക്കളില്‍ ഒരു വിഭാഗത്തെ സമര്‍ത്ഥമായി കബളിപ്പിച്ചാണ് ഇരു കൂട്ടരും ഇതുവരെ വോട്ട് നേടിയത്. ഇസ്ലാമിസ്റ്റുകളുടെ വോട്ട് കൂടി വാങ്ങി അധികാരം നേടാമെന്ന ചിന്തയില്‍ അവര്‍ക്ക് മാറ്റമൊന്നുമില്ല.
ആശങ്കയുണ്ടെങ്കില്‍, എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജ്ജവമാണ് ഇരുമുന്നികളും കാട്ടേണ്ടത്. അത് അവര്‍ക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം നയിച്ചതും നയിപ്പിച്ചതും ഇതേ മുന്നികളാണ്. ഭാരതത്തിലെ ഒരു മുസ്ലീമിന്റെ പോലും പൗരത്വം പോകില്ലെന്ന് ഉറപ്പുണ്ടായിട്ടും പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയത് ഇവരാണ്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കിയതിനെതിരെ യാഥാര്‍ത്ഥ്യം മറച്ചുവച്ച് ഒരു വിഭാഗത്തെ ഇളക്കി വിട്ടതും ഇവര്‍ തന്നെയാണ്. രാമക്ഷേത്രം, പൊതു സിവില്‍ കോഡ്, പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നത് തുടങ്ങിയ വിഷയങ്ങളെയെല്ലാം വര്‍ഗീയവല്‍കരിച്ച് ഒരു വിഭാഗത്തിനെതിരായ നീക്കമായി വ്യാഖ്യാനിച്ച് അവരെ അപരവല്‍കരിക്കിക്കാന്‍ ശ്രമിക്കുന്നതും ഇവര്‍ തന്നെ. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിക്കുന്നതില്‍ ആശങ്ക ഉണ്ടെങ്കില്‍ ആ വോട്ട് വേണ്ടെന്ന് യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതു പറയാതെ എസ്ഡിപി ഐ പിന്തുണ പ്രഖ്യാപിച്ചാലും വ്യക്തികളാണ് വോട്ട് ചെയ്യുന്നത്, ഞങ്ങള്‍ പിന്തുണ തേടിയിട്ടില്ല തുടങ്ങിയ ന്യായീകരണങ്ങള്‍ പറയുന്നതില്‍ അര്‍ത്ഥമില്ല.