മാലയും ബൊക്കെയും ഒഴിവാക്കണം. ഒരു പൂവോ ഹസ്തദാനമോ ധാരാളം ; തെരഞ്ഞെടുപ്പു പര്യടനത്തിന് തോമസ് ചാഴികാടന്റെ നിർദ്ദേശം ഇങ്ങനെ …

കോട്ടയം: തെരഞ്ഞെടുപ്പ് പര്യടന വേളയില്‍ മാലയും ബൊക്കെയും പരമാവധി ഒഴിവാക്കണമെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എംപി. സ്വീകരണ കേന്ദ്രങ്ങളില്‍ ഹാരാര്‍പ്പണത്തിനായി നൂറു കണക്കിന് മാലയും ബൊക്കെയുമായി പ്രവര്‍ത്തകര്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഒരു പൂക്കളോ ഒരു ഹസ്തദാനമോ ധാരാളമാണെന്നാണ് ചാഴികാടന്‍റെ നിലപാട്. ഫ്രഷ് പൂക്കളില്‍ ഉണ്ടാക്കുന്ന ബൊക്കെകള്‍ പിന്നീട് വഴിയില്‍ ചിതറി കിടക്കുന്നതാണ് പതിവ്. മാലകള്‍ക്കായും പ്രവര്‍ത്തകര്‍ പണം ചിലവാക്കേണ്ടി വരും. അതും പിന്നീട് ഉപയോഗ യോഗ്യമല്ലാതെ വെറുതെ കിടക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയിലായിരിക്കണം സ്വീകരണം എന്നാണ് നിര്‍ദേശം.

ഇന്ന് പാലാ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തില്‍ തുടക്കത്തിൽ ഇപ്രകാരം ഓരോ റോസാ പൂക്കള്‍ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. അവ കളയാതെ തുറന്ന വാഹനത്തില്‍ തന്നെ സൂക്ഷിച്ച് പരിപാടിക്കെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ കൊടുത്തു വിടുകയായിരുന്നു സ്ഥാനാര്‍ഥി. എന്നാൽ ഓരോ പോയിന്റ് പിന്നിടുമ്പോഴും മാലയുടെ എണ്ണം കൂടി വന്നു. എന്നാലും അതും സ്വീകരിക്കാൻ അദ്ദേഹം സന്നദ്ധനായി.