Fri. Dec 6th, 2024

തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്; വീഴ്ചപറ്റിയെന്ന് ലീഗില്‍ വിമര്‍ശനം; യു.ഡി.എഫ് ബന്ധം വഷളാക്കേണ്ടെന്നും പൊതു വികാരം

By admin Aug 14, 2024 #congress #CPIM #Muslim League
Keralanewz.com

തൊടുപുഴ: ‘സൗഹൃദ’ മത്സരത്തിനപ്പുറം സി.പി.എം വിജയത്തിന് കളമൊരുക്കുന്ന നിലപാടിലേക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ പാർട്ടി പോകേണ്ടതില്ലായിരുവെന്ന് മുസ്ലിംലീഗില്‍ വിമർശനം.
വോട്ടെടുപ്പ് വേളയില്‍ അവസാന റൗണ്ടില്‍ പാർട്ടിയെടുത്ത തീരുമാനം ഉചിതമായില്ല.

കോണ്‍ഗ്രസിന്റെ ദാർഷ്ട്യം ആരോപിച്ച്‌ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതിനപ്പുറം എല്‍.ഡി.എഫിനെ വിജയിപ്പിക്കാൻ അവസാന നിമിഷമുണ്ടായ ജില്ല നേതൃത്വത്തിന്‍റെ ഇടപെടല്‍ പാർട്ടിക്കോ മുന്നണിക്കോ ഗുണപ്പെടില്ലെന്നാണ് ഔദ്യോഗിക നേതൃത്വത്തിനെതിരായ വിമർശനം. പാർട്ടി ഗ്രൂപ്പുകളിലും പോഷക സംഘടന കൂട്ടായ്മകളിലും നഗസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിലാണ് നേതൃത്വം പ്രതിക്കൂട്ടില്‍.

ചെയർമാൻ പദവിയെന്ന ലീഗിന്‍റെ ആവശ്യം മുന്നണി നേതൃത്വത്തില്‍ സമ്മർദം ചെലുത്തുംവിധം അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. മുതിർന്ന നേതാക്കള്‍ ചർച്ചകള്‍ക്ക് പോയില്ല. അവസാനവട്ട ചർച്ചയില്‍ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി സംസ്ഥാന വൈസ് പ്രസിഡന്‍റ് എത്തിയതു മാത്രമാണ് അപവാദം.

ഇതാകട്ടെ വിജയത്തിലെത്തിയതുമില്ല. ഒരു സാധ്യതയും കാണാതെ ഒറ്റക്കു മത്സരിച്ചതിനെയും സൗഹൃദമത്സരം പ്രഖ്യാപിച്ച നേതാക്കള്‍ തന്നെ, കോണ്‍ഗ്രസ് സ്ഥാനാർഥി വിജയിക്കുമെന്നായപ്പോള്‍ അവരെ തോല്‍പിക്കാൻ നിർദേശിച്ചതിലും അണികള്‍ക്ക് അമർഷമുണ്ട്.

ലീഗ് തട്ടകത്തില്‍ അട്ടിമറി ജയം നേടിയ സബീന ബിഞ്ചുവിനെ നഗരസഭ അധ്യക്ഷയാക്കാൻ കൂട്ടുനിന്ന നടപടി പാർട്ടി ശത്രുവിന് ആയുധം നല്‍കുന്ന നടപടിയായി. സി.പി.എം ഏരിയ കമ്മിറ്റി അംഗമായ സബീന ലീഗിന്‍റെ കുത്തക സീറ്റായ കുമ്മംകല്ലില്‍നിന്ന് വിജയിച്ചാണ് നഗരസഭയില്‍ എത്തിയത്.

രണ്ടാംതവണ ജയം ആവർത്തിച്ചതോടെ അവരുടെ സ്വാധീനം കുറക്കുന്ന നടപടിയില്‍ ലീഗ് വ്യാപൃതമായിരിക്കെ ‘പട്ടം’ നല്‍കുന്നതുപോലെയായി നേതൃത്വത്തിന്‍റെ നടപടിയെന്നും ഒരുവിഭാഗം പറയുന്നു.

എല്‍.ഡി.എഫുമായി ധാരണയില്ലാതിരുന്നിട്ടും അവരെ പിന്തുണക്കാൻ കാണിച്ച വാശി, പാർട്ടിക്ക് ഒരു നേട്ടവും നല്‍കുന്നില്ലെന്ന് മാത്രമല്ല യു.ഡി.എഫിന്‍റെ മുറിവില്‍ ഉപ്പുതേക്കുന്നതുമായി. ആലോചനയില്ലാത്ത ഈ നടപടി കൗണ്‍സിലില്‍ ഇനിയങ്ങോട്ട് എല്‍.ഡി.എഫിനെ ശക്തമായി പോരാടുന്നതിനും തടസ്സമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലീഗിന്‍റെ വാർഡില്‍ കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് സെക്രട്ടറിയെ പിടിച്ച്‌ സ്ഥാനാർഥിയാക്കരുതായിരുന്നെന്നും പാർട്ടിയില്‍ മത്സരിക്കാൻ ആളില്ലായിരുന്നെങ്കില്‍ സീറ്റ് വിട്ടുനല്‍കണമായിരുന്നെന്നും വിമർശനമുണ്ട്. അതല്ലെങ്കില്‍ പൊതുസ്വതന്ത്രനെ സ്ഥാനാർഥിയാക്കണമായിരുന്നു.

ലീഗ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച കൗണ്‍സിലർ ലീഗ് നിർദേശം മാനിക്കാതെ കോണ്‍ഗ്രസ് സ്ഥാനാർഥിക്കാണ് വോട്ട് നല്‍കിയത്. ശേഷിക്കുന്ന കാലാവധി കോണ്‍ഗ്രസിന് മാത്രമായി വേണമെന്ന കടുംപിടിത്തമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും ഒടുവില്‍ ലീഗിന് പകുതി സമ്മതിച്ചപ്പോള്‍ ആദ്യടേമിന് വാശിപിടിച്ചതും ചൂണ്ടിക്കാട്ടുന്നു മറുപക്ഷം.

ലീഗിനെ വഞ്ചിച്ചും ഒഴിവാക്കിയും ചെയർമാൻ സ്ഥാനം സ്വന്തമാക്കാൻ കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് എല്ലാത്തിനും കാരണമെന്നും ഈ വിഭാഗം പറയുന്നു.

ഇടതു മുന്നണിയിലെ ഒരാളുടെ വോട്ടുവാങ്ങിയും രണ്ടുപേരെ മാറ്റി നിർത്തിയും ഒമ്ബതാം വാർഡിലെ ലീഗ് കൗണ്‍സിലറെ വരുതിയിലാക്കിയും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും നടത്തിയ കള്ളക്കളിയാണ് എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ ന്യായം.

നിനച്ചിരിക്കാതെ സി.പി.എം ജയം; ചരിത്രത്തിലെ അഞ്ചാം അട്ടിമറി

തൊടുപുഴ: 1988ല്‍ ആദ്യജനകീയ കൗണ്‍സില്‍ മുതല്‍ തൊടുപുഴ നഗരസഭയില്‍ നടന്ന അഞ്ചാം അട്ടിമറിയാണ് തിങ്കളാഴ്ച ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലുണ്ടായത്. എല്‍.ഡി.എഫിന് അപ്രതീക്ഷിത ജയം നേടിക്കൊടുത്തത് ഇക്കുറി ലീഗ് എന്ന വ്യത്യാസം മാത്രം.

സി.പി.എം, കോണ്‍ഗ്രസ് വിമതരും അട്ടിമറി വിജയം നേടിയ ചരിത്രമുണ്ടിവിടെ. എം.പി. ഷൗക്കത്തലി, മനോഹര്‍ നടുവിലേടത്ത്, മിനി മധു, സനീഷ് ജോര്‍ജ് എന്നിവരാണ് അപ്രതീക്ഷിത നീക്കത്തിലൂടെ മുമ്ബ് നഗരസഭ അധ്യക്ഷരായത്. തിങ്കളാഴ്ച ലീഗ് വോട്ടില്‍ വിജയിച്ച സി.പി.എമ്മിലെ സബീന ബിഞ്ചുവും ഈ പട്ടികയില്‍.

1988ല്‍ സി.പി.എമ്മിലെ അഡ്വ. എന്‍. ചന്ദ്രനാണ് നഗരസഭയുടെ പ്രഥമ ചെയര്‍മാനായത്. ഈ കൗണ്‍സില്‍ 1995വരെ തുടര്‍ന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 28ല്‍ 17 സീറ്റോടെ തുടര്‍ഭരണം ലഭിച്ചെങ്കിലും ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറി സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു.

എന്‍. ചന്ദ്രനെ വീണ്ടും ചെയര്‍മാനാക്കണമെന്ന എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ആവശ്യം തള്ളിയ പാര്‍ട്ടി നേതൃത്വം പ്രഫ. കൊച്ചുത്രേസ്യ തോമസിനെ അധ്യക്ഷയായി മത്സരിപ്പിക്കാൻ നിശ്ചയിച്ചു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി സി.പി.എമ്മിലെ എം.പി. ഷൗക്കത്തലി രംഗത്തെത്തുകയും 28ല്‍ 26 പേരുടെ പിന്തുണയോടെ കൊച്ചുത്രേസ്യയെ തോല്‍പിച്ച്‌ ചെയര്‍മാനാകുകയും ചെയ്തു.

ലീഗ് അടക്കം പാർട്ടികളുടെ പിന്തുണയോടെയായിരുന്നു ഇത്. തൊടുപുഴയില്‍ പാർട്ടിയുടെ ഗതിതന്നെ മാറ്റുന്നതിനാണ് ഈ അട്ടിമറി വഴിതുറന്നത്. പിന്നീട് അട്ടിമറിയുണ്ടായത് കോണ്‍ഗ്രസിലാണ് -2003ല്‍.

ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന ബാബു പരമേശ്വരനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മനോഹര്‍ നടുവിലേടത്ത് വിമതനായി രംഗത്തെത്തി ഇടതു പിന്തുണയോടെ വിജയിച്ചു. ആറു മാസത്തിനുശേഷം അവിശ്വാസ വോട്ടിലൂടെ മനോഹരന് സ്ഥാനം നഷ്ടമായി. 2000ത്തില്‍ ഭരണം നഷ്ടമായ സി.പി.എം പിന്നീട് ആറു മാസത്തേക്കെങ്കിലും തിരിച്ചുവന്നതും ഈ അട്ടിമറിയിലൂടെയാണ്. 2018ല്‍ സി.പി.എം കൗണ്‍സിലര്‍ മിനി മധു നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്‌സനായി.

കോണ്‍ഗ്രസുകാരനായ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരുടെ വോട്ട് അസാധുവായതാണ് മിനിയുടെ അപ്രതീക്ഷിത വിജയത്തിന് വഴിവെച്ചത്. ഒരു വോട്ട് അസാധുവായതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഫ. ജെസി ആന്റണിക്ക് ലഭിക്കേണ്ട 14 വോട്ടില്‍നിന്ന് ഒന്ന് കുറഞ്ഞ് 13 ആയി. 13 അംഗങ്ങളുള്ള എല്‍.ഡി.എഫിനും ഇതേ വോട്ട് ലഭിച്ചതോടെ നടന്ന നറുക്കെടുപ്പില്‍ മിനി മധുവിനെയാണ് ഭാഗ്യം തുണച്ചത്.

ആറു മാസത്തിനുശേഷം മിനി അവിശ്വാസത്തിലൂടെ പുറത്തായി. 2020ല്‍ നടന്നതും നാടകീയ നീക്കങ്ങളായിരുന്നു. 35 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് -13, എല്‍.ഡി.എഫ് -12, സ്വതന്ത്രര്‍ -2, ബി.ജെ.പി -എട്ട് എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷിനില. ഒരു സ്വതന്ത്ര യു.ഡി. എഫിനെ പിന്തുണച്ചപ്പോള്‍ കാരൂപ്പാറ വാര്‍ഡില്‍ സ്വതന്ത്രനായി വിജയിച്ച സനീഷ് ജോര്‍ജ് എല്‍.ഡി.എഫിനൊപ്പം ചേർന്നു.

പെട്ടേനാട് വാര്‍ഡ് അംഗമായിരുന്ന മുസ്ലിംലീഗിലെ ജെസി ജോണി എല്‍.ഡി.എഫിലേക്ക് കൂറുമാറുക കൂടി ചെയ്തതോടെ അംഗബലം 14 ആയി ഉയര്‍ന്ന എല്‍.ഡി.എഫ്, സനീഷ് ജോർജിനെ ചെയർമാനാക്കി ഭരണം പിടിച്ചു. പിന്നീട് ഒമ്ബതാം വാര്‍ഡിലെ കേരള കോണ്‍ഗ്രസ് അംഗം മാത്യു ജോസഫും എല്‍.ഡി.എഫിലെത്തി.

അതിനിടെയാണ് ജൂണില്‍ മുനിസിപ്പല്‍ എൻജിനീയര്‍ പിടിയിലായ കൈക്കൂലി കേസില്‍ രണ്ടാം പ്രതിയായതിനെ തുടര്‍ന്ന് സനീഷ് ജോര്‍ജിന് രാജിവെക്കേണ്ടി വന്നത്. ജെസി ജോണി അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുക കൂടി ചെയ്തതോടെ യു.ഡി.എഫിനായി ഭൂരിപക്ഷം.

ഒപ്പം തന്നെ കേരള കോണ്‍ഗ്രസ് അംഗം മാത്യു ജോസഫ് കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ 13 സീറ്റുമായി മുന്നില്‍ നിന്നിട്ടും രാജിവെച്ച സനീഷിന്റെ വോട്ട് കിട്ടിയിട്ടും മുന്നണിയിലെ പടലപ്പിണക്കത്തിന്റെ ഫലമായി സി.പി.എമ്മിലെ സബീന ബിഞ്ജു ചെയര്‍പേഴ്‌സനാകുന്നതാണ് കണ്ടത്.

Facebook Comments Box

By admin

Related Post