കണ്ണൂർ: ഓണ്‍ലൈൻ വഴിയുള്ള തട്ടിപ്പുകള്‍ തുടർക്കഥയാവുകയാണ്. ഓണ്‍ലൈനില്‍ ഏതൊരു കാര്യം ചെയ്യുമ്ബോഴും എന്തിനേറെ ഗൂഗിളില്‍ സെർച്ച് ചെയ്യുമ്ബോള്‍ പോലും ഏറെ ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു.
ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളില്‍ സെർച്ച് ചെയ്ത് ലഭിച്ച ‘കസ്റ്റമർ കെയർ നമ്ബറി’ല്‍ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപയാണ് നഷ്ടപ്പെട്ടത്. ‘കസ്റ്റമർ കെയറി’ല്‍ നിന്ന് നല്‍കിയ വാട്സാപ്പ് ലിങ്കില്‍ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാർഡ് നമ്ബറും നല്‍കിയതോടെയാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്.
അതുകൊണ്ടുതന്നെ ഗൂഗിളില്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങള്‍ ചോദിച്ചാല്‍ നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാൻ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടതായും സൈബർ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് പുതുക്കാനാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. അവർ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന്റെ അടുത്ത ദിവസം പണം നഷ്ടപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാമില്‍ പരസ്യം കണ്ട് ഡ്രസ് ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. നാളിതുവരെയായിട്ടും ലഭിക്കാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1930 എന്ന നമ്ബറില്‍ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്നും പോലീസ് അറിയിച്ചു.