Tue. May 21st, 2024

ക്ലാസിക്കല്‍ കലാമേഖല എക്കാലത്തും ‘വെളുത്തവരുടെ’ കുത്തക; കറുത്ത കലാകാരന്മാര്‍ അരങ്ങുകള്‍ കീഴടക്കി സത്യഭാമമാര്‍ക്ക് മറുപടി നല്‍കണം; വെള്ളാപ്പള്ളി നടേശന്‍

By admin Apr 3, 2024
Keralanewz.com

ആലപ്പുഴ: നിറത്തിന്റെ പേരില്‍ നർത്തകൻ ആർ എല്‍ വി രാമകൃഷ്ണനെ അപമാനിച്ച നൃത്താധ്യാപിക സത്യഭാമയെ വിമർശിച്ച്‌ എസ്.എന്‍.ഡി.പി.

യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനയുടെ പ്രസിദ്ധീകരണമായ ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കലാരംഗം പ്രത്യേകിച്ച്‌ ക്ലാസിക്കല്‍ കലാമേഖല എക്കാലത്തും ‘വെളുത്തവരുടെ’ കുത്തകയാണ് അവിടെ സ്വന്തം മിടുക്കും അഭിനിവേശവും സമര്‍പ്പണവും കൊണ്ടുമാത്രമാണ് കാക്കയെപ്പോലെയും അല്പം കുറഞ്ഞും നിറമുള്ള ചിലര്‍ കടന്നുകയറിയിട്ടുള്ളത്. അവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം കിട്ടുന്ന പതിവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കലാമണ്ഡലം ഹൈദരലിയെന്ന വിശ്വപ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലത്തില്‍നിന്നു നേരിട്ട വിവേചനങ്ങള്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അമ്ബലവാസികളല്ലാത്ത മേളക്കാരും സോപാന സംഗീതജ്ഞരും ഇന്നും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങള്‍ക്കു പുറത്താണ് കലാവൈഭവം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകര്‍ ജീവനും ജീവിതവും നല്‍കി നേടിയെടുത്ത മൂല്യങ്ങള്‍ അപ്രസക്തമാകുന്ന കാഴ്ചകളാണു കേരളം കാണുന്നത്. അതിന്റെ പുതിയ ഉദാഹരണം മാത്രമാണ് സത്യഭാമയുടെ ജല്പനങ്ങള്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കറുത്തവന് അടുക്കളപ്പുറത്തെ മുറ്റത്ത് കുഴികുത്തി ചേമ്ബിലയിട്ട് കഞ്ഞിവിളമ്ബിയ പാരമ്ബര്യമുള്ള നാടാണു കേരളം. അതില്‍ മേനിപറഞ്ഞ് നടക്കുന്നവര്‍ ഇപ്പോഴും ഇവിടെയുണ്ടെന്നും വര്‍ണവിവേചനത്തിന്റെയും ജാതിവെറിയുടെയും കാര്യത്തില്‍ മലയാളികളോളം കാപട്യമുള്ള മറ്റൊരു ജനസമൂഹമില്ലെന്നും അദ്ദേഹം പറഞ്ഞു. കറുത്ത കലാകാരന്മാര്‍ കഴിവും ആത്മസമര്‍പ്പണവും കൊണ്ട് മുന്നിലേക്കെത്തണമെന്നും അരങ്ങുകള്‍ കീഴടക്കി സത്യഭാമയെപ്പോലുള്ളവര്‍ക്കു മറുപടി നല്‍കണമെന്നും അദ്ദേഹം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

Facebook Comments Box

By admin

Related Post