‘തൃശൂരില്‍ സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങള്‍ നിര്‍ണായകം
തൃശൂർ: കേന്ദ്ര നേതൃത്വത്തിന്റെ അരയും തലയും മുറുക്കിയുള്ള പ്രചരണം കേരളത്തിലെ സംഘടനാ സംവിധാനങ്ങളുടെ ചിട്ടയായ പ്രവർത്തനവും തൃശൂരില്‍ ബിജെപിക്ക് ജയം കൊണ്ട് വരുമെന്ന വിലയിരുത്തലുമായി തൃശൂർ ബിജെപി ജില്ലാ കമ്മിറ്റി.
തൃശൂരില്‍ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ മികച്ച മുന്നേറ്റം തന്നെ സുരേഷ് ഗോപി നടത്തുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടല്‍. അതില്‍ തന്നെ ഹിന്ദു വോട്ടുകള്‍ ഏറെയുള്ള തൃശൂർ നിയോജക മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷം തന്നെ അദ്ദേഹത്തെ കാത്തിരിക്കുനുണ്ടെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.
തൃശൂരില്‍ മാത്രം ഏകദേശം 10000 വോട്ടില്‍ അധികം സുരേഷ് ഗോപി മറ്റുള്ളവരെക്കാള്‍ അധികം നേടുമെന്നാണ് വിലയിരുത്തല്‍. ഇവിടുത്തെ ഹിന്ദു വോട്ടുകള്‍ മുഴുവൻ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു എന്നാണ് അവർ കരുതുന്നത്. ഇതിന് പുറമെ മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചുവെന്നും വിലയിരുത്തലുണ്ട്.
ഈ നിയോജകമണ്ഡലത്തില്‍ മാത്രം അയ്യായിരം വോട്ടുകള്‍ പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് സുരേഷ് ഗോപിക്ക് തുണയാകും എന്നാണ് അവരുടെ വിലയിരുത്തല്‍. ഇവിടെ സുരേഷ് ഗോപി 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നേറും.
ഇതെല്ലം ചേർത്തിട്ടാണ് 20000 എന്ന കണക്ക് അവർ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ആകെ സുരേഷ് ഗോപിയ്‌ക്ക് 2,93,822 വോട്ടുകളാണ് ലഭിച്ചത്. ഇക്കുറി ഈ കണക്കുകളില്‍ കാര്യമായ മാറ്റമുണ്ടാകും എന്നാണ് വിലയിരുത്തല്‍. ഏകദേശം 60,000 വോട്ടുകള്‍ സുരേഷ് ഗോപിക്ക് അനുകൂലമായി എത്തിയെന്നാണ് കണക്ക് കൂട്ടല്‍.
അതേസമയം, കേരളത്തിലെ ഏറ്റവും ശക്തമായ ത്രികോണ മത്സരം തന്നെ നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തൃശൂർ. ഇടതുപക്ഷത്തിന് വേണ്ടി മണ്ഡലത്തിലെ ജനകീയ മുഖമായ വിഎസ് സുനില്‍ കുമാർ ഇറങ്ങിയപ്പോള്‍ യുഡിഎഫിന്റെ നറുക്ക് വീണത് കെ മുരളീധരനായിരുന്നു. ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയും രംഗത്തിറങ്ങി.