രാഹുലിന്റെ പൊതുയോഗത്തിനിടെ സ്‌റ്റേജ് തകര്‍ന്നു; വളഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍
പാട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തിന്റെ സ്‌റ്റേജ് തകര്‍ന്നു. പട്ലിപുത്ര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മകള്‍ മിസ ഭാരതിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധിയും മിസ ഭാരതിയും തേജസ്വി യാദവും വേദിയിലേക്ക് കയറിയതിന് പിന്നാലെയാണ് അപകടം.
സ്റ്റേജിന്റെ ഒരു വശം പിന്നിലേക്ക് ചെരിയുകയായിരുന്നു. രണ്ട് തവണ സ്റ്റേജ് ഇത്തരത്തില്‍ പിന്നിലേക്ക് ചെരിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രാഹുലിനെ വളഞ്ഞു. എന്നാല്‍ രാഹുല്‍ കുഴപ്പമില്ല എന്ന് പറഞ്ഞ് വേദിയില്‍ തന്നെ തുടരുകയായിരുന്നു. പാട്‌നയിലെ പ്രാന്തപ്രദേശത്തുള്ള പാലിഗഞ്ചിലെ പൊതുയോഗത്തിനിടെയയിരുന്നു സംഭവം. അതേസമയം മിസ ഭാരതിക്കായി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ രാഹുല്‍ മറന്നില്ല.
ബിഹാറില്‍ തുടരുന്ന രാഹുല്‍ ഗാന്ധി, സംസ്ഥാനത്തെ മഹാഗത്ബന്ധന്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയാണ്. ഇന്ന് രാവിലെ ഭക്ത്യാര്‍പൂരില്‍ നടന്ന പൊതുയോഗത്തില്‍ രാജ്യത്തുടനീളം ഇന്ത്യന്‍ ബ്ലോക്കിന് വ്യക്തമായ പിന്തുണയുണ്ട് എന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍, പ്രതിരോധ സേവന റിക്രൂട്ട്മെന്റിനുള്ള അഗ്‌നിപഥ് പദ്ധതി ഒഴിവാക്കി ഓരോ സ്ത്രീയുടെയും അക്കൗണ്ടിലേക്ക് ഓരോ മാസവും 8500 രൂപ നിക്ഷേപിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. തങ്ങള്‍ അഗ്‌നിപഥ് പദ്ധതിയെ ചവറ്റുകുട്ടയിലേക്ക് എറിയും എന്നും മോദി സൈനികരെ തൊഴിലാളികളാക്കി എന്നും രാഹുല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അടച്ചിട്ടിരിക്കുന്ന എല്ലാ വ്യവസായങ്ങളും വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 30 ലക്ഷം തൊഴിലവസരങ്ങള്‍ നികത്തുമെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ ‘ദൈവഹിതം’ പരാമര്‍ശത്തെയും രാഹുല്‍ പരിഹസിച്ചു. ”ജൂണ്‍ 4 ന് ശേഷം, ഇ ഡി അഴിമതിയെക്കുറിച്ച് മോദിയോട് ചോദിച്ചാല്‍, എനിക്കൊന്നും അറിയില്ല എന്നെ ദൈവമാണ് അയച്ചതെന്ന് അദ്ദേഹം പറയും എന്നായിരുന്നു രാഹുലിന്റെ പരിഹാസം. അതേസമയം പിന്നീട് റാലിയെ അഭിസംബോധന ചെയ്ത തേജസ്വി യാദവ് മോദി വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പകരം ഭിന്നിപ്പിക്കുന്ന വാചാടോപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.
”ബീഹാറിലെ ജനങ്ങള്‍ തങ്ങളോട് പറഞ്ഞ നുണകള്‍ക്ക് പ്രതികാരം ചെയ്യും. അവര്‍ ഇവിടെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു. അവര്‍ക്ക് ജോലിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അവര്‍ ബിഹാറില്‍ ചവറാണ് സംസാരിക്കുന്നത്. പ്രധാനമന്ത്രി മോദി ഇവിടെ എന്തുചെയ്യുമെന്ന് പറയേണ്ടതായിരുന്നു, പക്ഷേ പറഞ്ഞില്ല. പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയാണ് പ്രശ്‌നങ്ങള്‍’ അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ, വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) തലവന്‍ മുകേഷ് സാഹ്നി, മറ്റ് ഇന്ത്യന്‍ ബ്ലോക്ക് നേതാക്കള്‍ എന്നിവര്‍ റാലികളില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്.