പുതുമഴയില്‍ ഹരംപിടിച്ച് മീൻപിടിക്കാൻ ശ്രമിക്കല്ലേ അഴിയെണ്ണേണ്ടി വരും, പിഴ കൊടുത്ത് കീശ ചോരും.
കൊച്ചി : പുതുമഴയില്‍ മീൻ പിടിക്കാൻ പോകുന്നവർ ജാഗ്രതെ. ഊത്ത പിടുത്തക്കാരെ കണ്ടെത്താൻ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് ഫിഷറീസ് വകുപ്പ്.
ശുദ്ധജലമത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലായതോടെ ഈ സമയത്തെ മീൻ പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാല്‍ ഊത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കല്‍ എളുപ്പമാണ്. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും.
പരല്‍, വരാല്‍, കൂരി, കുറുവ, ആരല്‍, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞില്‍ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവർക്ക് 15,000 രൂപയും ആറു മാസം തടവുമാണ് ശിക്ഷ.
എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടിത്തം വഴി വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. മീനുകളുടെ സഞ്ചാരപാത ചിറ കെട്ടിയടച്ച് അവിടെ പത്താഴം, കൂട് എന്നീ കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന ഊത്തപിടിത്ത രീതിയാണ് ഏറെ അപകടം.