കൊച്ചിയില്‍ മേഘ വിസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറില്‍ പെയ്തത് 98 മി.മീ മഴ
കൊച്ചി: കൊച്ചിയില്‍ മേഘ വിസ്ഫോടനമുണ്ടായതായി സൂചന. തുടർച്ചയായ ശക്തമായ മഴയാണ് കൊച്ചിയില്‍ ലഭിച്ചിരിക്കുന്നത്.
ഒന്നര മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍ പെയ്തത് 98 മി.മീ മഴയാണ്. കുസാറ്റിലെ മഴ മാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. മേഘ വിസ്ഫോടനമാകാം ഇതെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞർ പറയുന്നത്.
സാധാരണ ഗതിയില്‍ മേഘവിസ്‌ഫോടനം സ്ഥിരീകരിക്കുന്നതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിക്കുന്ന ചില മാനദണ്ഡങ്ങള്‍ ഉണ്ട്. ഒരു മണിക്കൂറില്‍ നൂറ് മില്ലീമീറ്റർ മഴ പെയ്താലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത് മേഘ വിസ്ഫോടനമായി സ്ഥിരീകരിക്കുന്നത്. സമാന രീതിയിലാണ് കൊച്ചി നഗരത്തില്‍ മഴ ലഭിച്ചിരിക്കുന്നത്. കൊച്ചിയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ തന്നെ കളമശ്ശേരിയിലുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷനില്‍ ഇന്ന് രേഖപ്പെടുത്തിയത് 150 മില്ലീമീറ്റർ മഴയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ കൊച്ചിയില്‍ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിന് മുകളില്‍ മഴ മേഘങ്ങള്‍ രൂപപ്പെടാനും കൂടുതല്‍ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. കാക്കനാട്, ഐ ടി ഹബ്ബായ ഇൻഫോ പാർക്ക് എന്നിവിടങ്ങളില്‍ അടക്കം വെള്ളക്കെട്ട് രൂക്ഷമാണ്. വരും മണിക്കൂറിലും ശക്തമായ മഴ തുടരുമെന്ന് കുസാറ്റിലെയടക്കം ശാസ്ത്രജ്ഞർ അറിയിച്ചു.