Kerala NewsPolitics

മുന്നണി മാറ്റം: ആര്‍.ജെ.ഡിയില്‍ ഭിന്നത

Keralanewz.com

തൃശൂർ: ഇടതു മുന്നണിയിലും, സർക്കാരിലും നേരിടുന്ന അവഗണനക്കെതിരെ പാർട്ടിക്കുള്ളിൽ അമർഷം പുകയുമ്പോഴും മുന്നണിമാറ്റ കാര്യത്തില്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയിൽ ഉയരുന്നത് ഭിന്നാഭിപ്രായം.

ഇനിയും ഇങ്ങനെ തുടരേണ്ടതില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇപ്പോള്‍ മുന്നണി മാറിയാല്‍ പാർട്ടിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന് മറു വിഭാഗം തൃശൂരില്‍ ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വാദിച്ചു. ഒടുവില്‍, മുന്നണി നേതൃത്വത്തിനും സർക്കാറിനും അല്‍പംകൂടി സാവകാശം നല്‍കാനും തുടർനടപടികൾ പിന്നീട് ആലോചിക്കാമെന്നുമുള്ള ധാരണയിൽ യോഗം പിരിഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറിന്‍റെ അധ്യക്ഷതയില്‍ അയ്യന്തോള്‍ കോസ്റ്റ്ഫോർഡ് ഹാളിലായിരുന്നു ദിവസം മുഴുവൻ നീണ്ട യോഗം ചേർന്നത്.

പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുന്നണി നേതൃത്വത്തിന്‍റെ, പ്രത്യേകിച്ച്‌ സി.പി.എമ്മിന്‍റെ സമീപനം ശരിയല്ലെന്നും യോജിച്ച നയപരിപാടികള്‍ മുന്നണിക്ക് ഇല്ലെന്നുമുള്ള അഭിപ്രായം എല്ലാവരും പ്രകടിപ്പിച്ചതായിട്ടാണറിയാൻ കഴിഞ്ഞത്. സർക്കാറിന്‍റെ പല പരിപാടികളും പരാജയമാണ്. അധികാരത്തിന്‍റെ ഭാഗമാണെന്ന് പറയുകയും ഒരു അധികാരവും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആർ.ജെ.ഡി നേരിടുന്നത്.

ഈ ഘട്ടത്തില്‍ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുന്നത് സംസ്ഥാനത്ത് വരാനിരിക്കുന്ന ഭരണമാറ്റം പ്രതീക്ഷിച്ചുള്ള ചാഞ്ചാട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും അത് വിശ്വാസ്യതയെ ബാധിക്കുമെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോടും മുന്നണി കണ്‍വീനറോടും പ്രശ്നങ്ങള്‍ അവതരിപ്പിച്ചതാണ്. ഒരു ഫലവും ഉണ്ടായില്ലെങ്കിലും ഒരിക്കല്‍ക്കൂടി ചർച്ച ചെയ്യണം. കാര്യങ്ങള്‍ നേരെയാകുമോ എന്ന് ഒരിക്കല്‍ക്കൂടി നോക്കണം. ഇടതുമുന്നണി ജനതാദളിന്‍റെ കൂടി സൃഷ്ടിയാണ്. ആദ്യ കണ്‍വീനർ എം.പി. വീരേന്ദ്രകുമാറായിരുന്നു. അതുകൊണ്ട് ചെറിയ സാവകാശം കൂടി കൊടുക്കാമെന്ന വാദം എതിർപ്പിനിടയിലും പൊതുവെ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് ജാതി സെൻസസ് എന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ യോഗം തീരുമാനിച്ചു. അടുത്ത മുന്നണി യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടാനും ധാരണയായി.

Facebook Comments Box