Wed. Apr 24th, 2024

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആദ്യ ഫത്‌വ; ‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ട

By admin Aug 22, 2021 #news
Keralanewz.com

കാബൂള്‍: സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് വിലക്കി കൊണ്ട് അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആദ്യ ഫത്‌വ. സമൂഹത്തിലെ എല്ലാ തിന്മകളുടേയും വേര് ഈ സമ്ബ്രദായമാണെന്ന് കാണിച്ചാണ് നടപടി. അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം പിടിച്ചെടുത്തിന് ശേഷം താലിബാന്‍ പുറപ്പെടുവിക്കുന്ന ആദ്യ ഫത്‌വയാണിത്.

അഫ്ഗാനിസ്താന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് പുതിയ ഫത്‌വ പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താലിബാന്റെ പുതിയ ഫത്‌വ എന്നതും ശ്രദ്ധേയമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസിലിരുന്ന് പഠിക്കുന്നത് അവസാനിപ്പിക്കേണ്ടതാണെന്ന് അധ്യാപകരും വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം താലിബാന്‍ പ്രതിനിധി മുല്ലാ ഫരീദ് പറഞ്ഞു.

 ‘അഫ്ഗാനില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചാല്‍ വൃക്കയോ കരളോ നല്‍കാം’: ഇന്ത്യയിലെത്താന്‍ സഹായം തേടി 25കാരി

സദ്‌ഗുണമുള്ള അധ്യാപികമാര്‍ക്ക് പെണ്‍കുട്ടികളെ മാത്രമേ പഠിപ്പിക്കാന്‍ അനുവാദമുള്ളൂവെന്നും ആണ്‍കുട്ടികളെ വനിതാ അധ്യാപകര്‍ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാ തിന്മകളുടേയും കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് പഠിക്കുന്നതാണെന്നാണ് താലിബാന്‍ വിശദീകരണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അഫ്ഗാനിസ്ഥാനില്‍ സര്‍വകാലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുള്ള പഠനവും വെവ്വേറെ ക്ലാസുകളില്‍ പഠിക്കുന്ന സംവിധാനവുമുണ്ട്.

അതേസമയം, താലിബാന്റെ തീരുമാനം സര്‍ക്കാര്‍ സര്‍വകലാശലകളുടെ നടത്തിപ്പിനെ ബാധിക്കില്ലെന്നും എന്നാല്‍, സ്വകാര്യ സര്‍കലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ എണ്ണത്തില്‍ കുറവായതിനാല്‍ പ്രത്യേക ക്ലാസ് ഒരുക്കുക പ്രായോഗികമല്ലെന്നും ഹെറാത് പ്രവിശ്യയിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടയില്‍, സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി അഫ്ഗാനിലെത്തി. അദ്ദേഹം പുതിയ സര്‍ക്കാര്‍ രൂപികരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോട്ടുകള്‍.താലിബാനിലെ പ്രധാന അംഗങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉടന്‍ സര്‍ക്കാര്‍ രൂപികരണം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.നിലവില്‍ താലിബാന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ചുമതലയാണ് ബരാദര്‍ വഹിക്കുന്നത്.

 താലിബാനെ പിന്തുണച്ച്‌ സോഷ്യല്‍മീഡിയ പോസ്റ്റിട്ട 14 പേര്‍ അറസ്റ്റില്‍

അദ്ദേഹം ദോഹയില്‍ നിന്ന് കാണ്ഡഹാറിലെത്തി, പുതിയ ഭരണകൂടത്തിന്റെ ആദ്യ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. താലിബാന്‍ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ കാണ്ഡഹാറിലാണ് ബരാദര്‍ വളര്‍ന്നത്. മിക്ക അഫ്ഗാനികളെയും പോലെ, 1970 കളുടെ അവസാനത്തില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചതോടു കൂടി ബരാദറിന്റെ ജീവിതവും എന്നെന്നേക്കുമായി മാറിമറിഞ്ഞു.

വാസ്തവത്തില്‍ അത് അദ്ദേഹത്തെ ഒരു കലാപകാരിയായി മാറ്റുകയാണ് ചെയ്തത്.താലിബാന്റെ പരമോന്നത നേതാവ് എന്നറിയപ്പെടുന്ന അമീര്‍ ഉല്‍ മൊമിനിന്‍, മൗലവി ഹൈബത്തുള്ള അഖുന്‍സാദ, സര്‍ക്കാരില്‍ നേരിട്ട് സാന്നിദ്ധ്യമറിയിക്കാന്‍ സാധ്യതയില്ല. ഇറാനിയന്‍ ശൈലിയിലുള്ള പരമോന്നത നേതാവിനെക്കുറിച്ച്‌ ദോഹയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. പുതിയ അഫ്ഗാന്‍ ഭരണകൂടത്തില്‍ ആ രീതിയിലുള്ള ഒരു പോസ്റ്റ് സൃഷ്ടിക്കപ്പെടുകയാണെങ്കില്‍, അഖുന്‍സാദ ആ പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളയാളാണ്

Facebook Comments Box

By admin

Related Post