വയനാട്ടില്‍ ദുരന്തം വിതച്ചത് സോയില്‍ പൈപ്പിങ് ; കേരളത്തിലെ പല പ്രദേശങ്ങളും ഇന്ന് ഭീഷണിയില്‍; പ്രതിഭാസത്തെക്കുറിച്ച് കൂടുതലറിയാം

വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങള്‍ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുള്‍പൊട്ടില്‍ മരണം 126 ആയി ഉയർന്നട്ടുണ്ട്.
എന്നാല്‍ പല മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. അതിശക്തമായ മഴയില്‍ വയനാട്ടിലെ പലയിടത്തും ഉരുള്‍പൊട്ടല്‍ പതിവാണെങ്കിലും ഇത്തരമൊരു ദുരന്തം അപ്രതീക്ഷിതമായിരുന്നു. സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.
ഭൂമിക്കടിയില്‍ മണ്ണൊലിപ്പ് ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. അതായത് മണ്ണിനടിയിലെ മണ്ണൊലിപ്പാണിത്. ഭൗമാന്തർഭാഗത്ത് ചെറിയ കുഴല്‍ വീതിയില്‍ മണ്ണ് ഒലിച്ചുപോകുകയും തുടർന്ന് ഇത് നദി ഒഴുകുന്നത് പോലെ നിരവധി കൈവഴികളായി രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ മണ്ണും ദ്രവിച്ച പാറക്കഷ്ണങ്ങളും ഒലിച്ചുപോകുകയും ചെയ്യും. ഇതിലൂടെ ആ പ്രദേശത്തെ മുഴുവൻ മണ്ണും ദുർബലമാവും.
മണ്ണിനടിയില്‍ ഇത്തരത്തില്‍ വലിയ തുരങ്കങ്ങള്‍ രൂപപ്പെടുന്നതോ അവ ശാഖകളായി വികസിക്കുന്നതോ സംബന്ധിച്ച ഒരു സൂചനയും പുറത്തേക്കു ലഭിക്കില്ല. കനത്ത മഴ പെയ്യുമ്ബോള്‍ അപ്രതീക്ഷിതമായിട്ടാവും ദുരന്തം ഉണ്ടാവുക. നിശ്ശബ്ദമായി വ്യാപിക്കുന്നതുകൊണ്ട് ഈ പ്രതിഭാസത്തെ ഭൗമശാസ്ത്രജ്ഞർ ‘മണ്ണിന്റെ കാൻസർ’ എന്നാണ് വിളിക്കുന്നത്.
ഭൂമിശാസ്ത്രപരമായി നോക്കുമ്ബോള്‍ ഈ പ്രദേശങ്ങളെല്ലാം 13 ശതമാനത്തിലേറെ ചെരുവുള്ള പ്രദേശമാണിത്. ഇത് ദുരന്തസാധ്യത വീണ്ടും വർദ്ധിപ്പിക്കുന്നു.
മലമുകളിലെ മരങ്ങള്‍ മുറിക്കുമ്ബോള്‍ അതിന്റെ വേര് ഭാഗം ഉണങ്ങി അവിടെ വലിയ പൊത്തുകള്‍ രൂപപ്പെടുന്നു. മഴ പെയ്യുമ്ബോള്‍ ആ പൊത്തുകളില്‍ വലിയ അളവില്‍ വെള്ളം ശേഖരിക്കപ്പെടും. ആ വെള്ളം മണ്ണിനടിയില്‍ നില്‍ക്കുകയും അതിനുതാഴെ തൊട്ടുതാഴെ ഉരുളൻ കല്ലുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. പിന്നീട് ശക്തമായി മഴപെയ്യുമ്ബോള്‍ കൂടുതല്‍ വെള്ളം സംഭരിക്കാനാകാതെ മുകളില്‍നിന്ന് മണ്ണും കല്ലും വെള്ളവും ഒന്നാകെ താഴേക്ക് പൊട്ടിയൊലിച്ചെത്തും
ഇത് കൂടാതെ വയനാട്ടില്‍ കാണപ്പെടുന്ന ബ്ലാക്ക് ലാറ്ററേറ്റ് മണ്ണിന് വെള്ളം ആഗിരണം ചെയ്യാനുള്ള ശേഷി കുറവാണ്. രണ്ടാഴ്ചയായി ജില്ലയില്‍ തുടർച്ചയായി മഴ പെയ്യുന്നതുകൊണ്ട് തന്നെ എല്ലാ വെള്ളവും ഭൂമിക്കടിയിലേക്ക് ആഗിരണം ചെയ്യാ ൻ മണ്ണിന് സാധിക്കാതെ വന്നതാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാകാൻ ഇടയായത് എന്നും റിപ്പോർട്ടുകളുണ്ട്.
കല്‍പ്പറ്റയിലെ പുത്തുമലയില്‍ 2019 ആഗസ്റ്റ് 8 ന് ഉണ്ടായ ഭീമൻ മണ്ണിടിച്ചിലിന് കാരണം സോയില്‍ പൈപ്പിങ് ആണെന്നു കണ്ടെത്തിയിരുന്നു.
ഇതുകൂടാതെ വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനു സമീപത്തും നേര്യമംഗലം-തട്ടേക്കണ്ണി റോഡിനു സമീപം തട്ടേക്കണ്ണിയിലും ഇത്തരം തുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ വലിയ ഭാഗം സ്ഥലങ്ങളും സോയില്‍ പൈപ്പിങ് ഭീഷണിയിലാണ്. ചെറുപുഴയിലെ ചട്ടിവയലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സോയില്‍ പൈപ്പിങ് കണ്ടെത്തിയിരിക്കുന്നത്. ഒരു ജീപ്പിനു പോകാവുന്ന വലിപ്പമുള്ള തുരങ്കങ്ങള്‍ വരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് പൈക്കാടൻമലയിലും സോയില്‍ പൈപ്പിങ് ഉണ്ടെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.