തിരുവനന്തപുരം: സ്‌കൂളുകളുടെ സമയമാറ്റം കേരളത്തില്‍ പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കമ്മിറ്റിയുടെ പല നിർദേശങ്ങളും അപ്രായോഗികമാണെന്നും എയ്ഡഡ് സ്കൂളിലെ അദ്ധ്യാപക നിയമനം പിഎസ്‌സിക്ക് വിടുന്നത് ചർച്ച ചെയ്യുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഗുണമേമ്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകള്‍ക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തത്. നിലവിലെ സർക്കാർ സ്കൂളുകളില്‍ ഒൻപതര മുതല്‍ മൂന്നരവരെയോ 10 മുതല്‍ നാല് വരെയോ ആണ് പ്രവർത്തിക്കുന്നത്. എന്നാല്‍ സമയമാറ്റം നിലവിലെ അജണ്ടയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ സമയമാറ്റം, പരീക്ഷാ കലണ്ടർ പരിഷ്‌കരണം, അദ്ധ്യാപക നിയമന വ്യവസ്ഥകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയുക്തമായിരുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ പക്കലെത്തിയിട്ട് രണ്ടുവർഷത്തോളമായെങ്കിലും പരിശോധനയ്ക്ക് വന്നത് കഴിഞ്ഞ ദിവസം മാത്രമാണ്. റിപ്പോർട്ട് വെളിച്ചം കാണുന്നതിനു മുൻപുതന്നെ അത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സ്‌കൂള്‍ അദ്ധ്യയന സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായി മാറ്റണമെന്നതുള്‍പ്പെടെ ഖാദർ കമ്മിറ്റി ശുപാർശകളില്‍ പലതും ഒറ്റയടിക്കു നടപ്പാക്കാൻ സർക്കാരിനു ബുദ്ധിമുട്ടാകും. അതുകൊണ്ട് ഓരോ ശുപാർശയും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നടപ്പാക്കാനാകുമോ എന്നാണു സർക്കാർ പരിശോധിക്കുന്നത്. റിപ്പോർട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചെങ്കിലും എങ്ങിനെ നടപ്പിലാക്കുമെന്നുള്ളതാണ് സർക്കാർ നേരിടുന്ന വെല്ലുവിളി