8 വര്‍ഷം കഴിഞ്ഞിട്ടാണോ ബലാത്സംഗപരാതി?, നെറ്റിചുളിച്ച് വീണ്ടും സുപ്രീം കോടതി,സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ജാമ്യം സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്കു കൂടി നീട്ടി .
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ജാമ്യം സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്കു നീട്ടി.
എട്ടുവര്‍ഷത്തിനുശേഷമാണോ പരാതിപ്പെടുന്നതെന്ന ചോദ്യമുന്നയിച്ചാണു ജസ്‌റ്റിസുമാരായ ബേല ത്രിവേദിയും സതീഷ്‌ചന്ദ്ര ശര്‍മയും ഉള്‍പ്പെട്ട ബെഞ്ച് രണ്ടാഴ്‌ച കഴിഞ്ഞ് വാദം കേള്‍ക്കാമെന്നറിയിച്ചത്.
സംഭവം നടന്നയുടന്‍ അതിജീവിത ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നെന്നും പോലീസില്‍ പരാതിപ്പെടാനുള്ള ധൈര്യം സംഭരിക്കാന്‍ സമയമെടുത്തെന്നും സംസ്‌ഥാനസര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത് കുമാര്‍ വാദിച്ചു. ഇത് എട്ടുവര്‍ഷത്തെ നിശബ്‌ദതയുടെ പ്രശ്‌നമല്ലെന്നും അതിജീവിത അനന്തരഫലങ്ങള്‍ അഭിമുഖീകരിച്ചെന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ സത്യവാങ്‌മൂലത്തിനു മറുപടി സമര്‍പ്പിക്കാന്‍ സിദ്ദിഖിന്റെ അഭിഭാഷകന്‍ സാവകാശം തേടി. ഇടക്കാല മുന്‍കൂര്‍ജാമ്യം ലഭിച്ചശേഷവും സിദ്ദിഖ് അന്വേഷണോദ്യോഗസ്‌ഥനു മുന്നില്‍ ഹാജരായെന്ന് അഭിഭാഷകന്‍ അറിയിച്ചു. യുവനടിയുടെ ലൈംഗികപീഡനാരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്‌റ്റിലാണു സിദ്ദിഖിനെതിരേ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്‌തത്. ജസ്‌റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു നടിയുടെ ആരോപണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നശേഷം അഭിനേതാക്കളുടെ സംഘടനാഭാരവാഹിയെന്ന നിലയില്‍ താന്‍ പത്രസമ്മേളനം നടത്തിയതിനാലാണു യുവതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.