മാങ്കൂട്ടത്തിൻ്റെ പേരിലും ഭിന്നത’: സുധാകരനെ തള്ളി എം എം ഹസ്സൻ; കത്ത് വിവാദം കത്തിപ്പടരുന്നു
പാലക്കാട്: കത്ത് വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന സൂചന നല്‍കി കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തു വരുന്നു.
ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ രംഗത്ത് എത്തി.
സുധാകരന്റെ പേരെടുത്തുപറഞ്ഞായിരുന്നു ഹസ്സന്റെ പ്രതികരണം. ‘യഥാർത്ഥത്തില്‍ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. രാഹുല്‍ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തില്‍ പറയേണ്ടിയിരുന്നത്. കെപിസിസിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയില്‍ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാല്‍ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാർട്ടിയിയിലും അങ്ങനെയല്ലേ…’; സുധാകരന്റെ പരാമർശങ്ങളെ തള്ളിക്കൊണ്ട് ഹസ്സൻ പറഞ്ഞു.
നേരത്തെ പാലക്കാട് ഡിസിസിയും സുധാകരനെ തള്ളിപ്പറഞ്ഞു രംഗത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയുടെ നോമിനിയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. കെ മുരളീധരന് വേണ്ടി നല്‍കിയതു പോലെ രാഹുലിന് വേണ്ടിയും ഡിസിസി കത്ത് നല്‍കിയിരുന്നു. രാഹുലിനെ മത്സരിപ്പിക്കുന്നതില്‍ ആർക്കും നീരസമില്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ രാഹുലിനെ വിജയിപ്പിക്കാൻ നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ മുരളീധരന്റെ പേരിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന് വന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പറഞ്ഞത്. വടകര എംപി ഷാഫിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഈ വിവാദങ്ങൾ പാലക്കാട്ടെ വിജയ സാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.