വിപ്പ് നല്‍കിയിട്ടും വഖഫ് ബില്ലിന്റെ ചര്‍ച്ചക്കെത്താത്ത പ്രിയങ്ക ഗാന്ധിയുടെ നടപടി വിവാദമാകുന്നു; പ്രതികരിക്കാതെ നേതൃത്വം
ന്യൂഡല്‍ഹി: വഖഫ് ബില്ലിന്റെ അവതരണ ദിനത്തില്‍ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തത് വിവാദമാകുന്നു. ബില്ലിന്റെ ചർച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം.പിമാർക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാർലമെന്റിലെത്തിയിരുന്നില്ല. അതേസമയം, പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല.
വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്ബോള്‍ രാഹുല്‍ ഗാന്ധിയും ലോക്സഭയിലെത്തിയിരുന്നില്ല. എന്നാല്‍, പിന്നീട് അദ്ദേഹം ലോക്സഭയിലെത്തിയെങ്കിലും പ്രിയങ്ക വിട്ടുനില്‍ക്കുകയായിരുന്നു. 12മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബില്‍ കേന്ദ്രസർക്കാർ പാസാക്കിയത്.390 പേർ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേർ എതിർത്തു. ഒരാള്‍ വിട്ടുനിന്നു. തുടർന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു.
ജഗദാംബിക പാല്‍ അധ്യക്ഷനായ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) തങ്ങളുടെ റിപ്പോർട്ടിനൊപ്പം സമർപ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബില്‍ ആക്കി അടിച്ചേല്‍പിച്ചത് നിയമവിരുദ്ധമാണെന് സഭാ ചട്ടങ്ങളും കീഴ്വവഴക്കങ്ങളും ഉദ്ധരിച്ച് എൻ.കെ. പ്രേമചന്ദ്രൻ ക്രമപ്രശ്നത്തിലൂടെ ചോദ്യം ചെയ്തതോടെ സർക്കാർ പരുങ്ങലിലായി. എവിടെനിന്നാണ് ഈ ബില്‍ എത്തിയതെന്ന് ചോദിച്ചപ്പോള്‍ നാഗ്പൂരില്‍നിന്ന് എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ വിളിച്ചു പറഞ്ഞു. സ്പീക്കറുടെ നിസ്സഹായാവസ്ഥക്കിടെ എഴുന്നേറ്റ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ചട്ടമോ കീഴ്വഴക്കമോ ചൂണ്ടിക്കാട്ടാനായില്ല. എന്നാല്‍, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ഏത് ബില്ലും പാർലമെന്റില്‍ കൊണ്ടുവരാനുള്ള അധികാരം സർക്കാറിനുണ്ടെന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിനോട് ബില്‍ അവതരണവുമായി മുന്നോട്ടു പോകാൻ അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാക്ക് പിന്നാലെ പ്രേമചന്ദ്രൻ ഉന്നയിച്ച ക്രമപ്രശ്നം തള്ളുകയാണെന്ന് സ്പീക്കർ റൂളിങ് നല്‍കിയതോടെയാണ് ബില്‍ അവതരണത്തിന് കളമൊരുങ്ങിയത്.
തുടർന്ന് വഖഫ് ബില്ലിന് ന്യായമായി സർക്കാർ ഉയർത്തിയ അവകാശവാദങ്ങളെല്ലാം പ്രതിപക്ഷം തരിപ്പണമാക്കുന്നതിനാണ് 12 മണിക്കൂറിലേറെ നീണ്ട ചർച്ച സാക്ഷ്യം വഹിച്ചത്. മുനമ്ബം ഭൂമി പ്രശ്നം, സ്ത്രീ പ്രാതിനിധ്യം, ക്ഷേത്രഭൂമികളുടെ കൈയേറ്റം, സർക്കാറിന്റെ വഖഫ് കൈയേറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം വഖഫിനെയും വഖഫ് ബോർഡിനെയും പ്രതിക്കൂട്ടില്‍ നിർത്താൻ അമിത് ഷായുടെയും റിജിജുവിന്റെയും നേതൃത്വത്തില്‍ ഭരണപക്ഷം നടത്തിയ ആരോപണങ്ങളും അവകാശവാദങ്ങളും ഗൗരവ് ഗോഗോയ്, കെ.സി. വേണുഗോപാല്‍, അഖിലേഷ് യാദവ്, കല്യാണ്‍ ബാനർജി, എ. രാജ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം തുറന്നുകാട്ടിയതോടെ പല പ്രസ്താവനകളും പിൻവലിക്കുന്നതിനും സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുന്നതിനും ലോക്സഭ സാക്ഷ്യം വഹിച്ചു.