കൊച്ചി: പള്ളികളുടെ നിയന്ത്രണം ലഭിക്കുമ്ബോഴും ഓർത്തഡോക്സ് സഭക്ക് പ്രതിസന്ധിയായി സുപ്രീം കോടതിയുടെ ഇടക്കാല വിധി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ബയാൻ എന്നിവരടങ്ങുന്ന െബഞ്ചിന്‍റെ വിധിയാണ് ചർച്ചയാകുന്നത്.
2017 ജൂലൈ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തില്‍ സഭാതർക്കത്തില്‍ സഭ നേടിയ സമഗ്രാധിപത്യത്തിനാണ് പ്രതിസന്ധിയാകുന്നത്. ഇടക്കാല വിധിയുടെ മൂന്നാം ഖണ്ഡികയില്‍ ഇടവകകളിലെ സെമിത്തേരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ 1934ലെ ഭരണഘടനയനുസരിക്കാത്തവരെയും ഉപയോഗിക്കാൻ അനുവദിക്കുമെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി ഓർത്തഡോക്സ് സഭക്ക് നല്‍കിയ നിർദേശം. ഇത് യാഥാർഥ്യമായാല്‍ സഭയുടെ ഭരണം പള്ളികളില്‍ മാത്രമായി ചുരുങ്ങും.
2017ലെ വിധിക്കുശേഷം യാക്കോബായ വിഭാഗക്കാർ മരിച്ചാല്‍ മൃതദേഹം സെമിത്തേരികളില്‍ അടക്കാൻ സമ്മതിച്ചിരുന്നില്ല. ഇത് നിരന്തര ക്രമസമാധാന പ്രശ്നമായതോടെ സംസ്ഥാന സർക്കാർ സെമിത്തേരി ബില്‍ പാസാക്കിയാണ് പ്രതിസന്ധി മറികടന്നത്. എന്നാലും സെമിത്തേരികളില്‍ യാക്കോബായ വൈദികർക്ക് സംസ്കാര ശുശ്രൂഷകളില്‍ പ്രവേശനം നല്‍കാറില്ല. അതുപോലെതന്നെ തങ്ങളുടെ നിയന്ത്രണത്തിലായ പള്ളികളുടെ കീഴിലെ സ്കൂളുകളിലെ കമ്യൂണിറ്റി േക്വാട്ടകളിലും യാക്കോബായ വിഭാഗത്തിന് അവസരം നല്‍കാറില്ലെന്ന പരാതിയും ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ഇടക്കാല വിധി തർക്ക താല്‍പര്യങ്ങളില്ലാത്ത വിശ്വാസികള്‍ക്ക് ആശ്വാസകരമാണ്.
സംസ്ഥാന സർക്കാർ തയാറാക്കിയ മലങ്കര ചർച്ച് ബില്ലിന് സമാനമായ നിരീക്ഷണങ്ങളാണ് ഇടക്കാല വിധിയിലുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പഠിച്ചശേഷം പ്രതികരിക്കാമെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ ‘മാധ്യമ’ത്തോട് പറഞ്ഞു.