Kerala NewsPolitics

എം കെ രാഘവൻ എം പി ക്കെതിരായ പരസ്യ പ്രതിഷേധത്തിൽ നടപടി; കൂട്ട രാജിക്കൊരുങ്ങി കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍.

Keralanewz.com

കണ്ണൂർ : മാടായി കോളേജില്‍ എം കെ രാഘവൻ എം പി കോഴ വാങ്ങി നിയമനം നടത്താൻ ശ്രമിച്ചെന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ആരോപണത്തിന് പിന്നാലെ കണ്ണൂർ കോണ്‍ഗ്രസില്‍ വൻ പൊട്ടിത്തെറി.

എം കെ രാഘവൻ എംപിയെ കോണ്‍ഗ്രസ് പ്രവർത്തകർ പരസ്യമായി തടഞ്ഞ സംഭവത്തില്‍ സ്വീകരിച്ച അച്ചടക്ക നടപടിയെ തുടർന്നാണ് പുതിയ സംഭവ വികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. കല്യാശ്ശേരി-പയ്യന്നൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനാണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് അടക്കം നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ വാങ്ങി സിപിഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവനെ കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞത്. തുടർന്ന് നാല് പ്രാദേശിക നേതാക്കളെ പാർട്ടിയില്‍ നിന്നും ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിക്കാൻ ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സസ്പെൻഷൻ പിൻവലിക്കുന്ന തീരുമാനം ഇതുവരെ നടപ്പിലാവാതെ വന്നതോടെയാണ് പ്രവർത്തകർ കൂട്ടരാജിക്കൊരുങ്ങുന്നത്.

കാപ്പടാൻ ശശിധരൻ, വരുണ്‍ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെ പി ശശി എന്നിവർക്കെതിരെയായിരുന്നു സസ്പെൻഷൻ നടപടി. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായാണ് കണ്ണൂർ ഡിസിസി അറിയിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയില്‍ സസ്പെൻഷൻ പിൻവലിക്കാൻ നേതൃത്വം തയ്യാറായിരുന്നു. എന്നാല്‍ തീരുമാനം നടപ്പാക്കാൻ വൈകിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം രാജി സന്നദ്ധത അറിയിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിന്റെ കീഴിലാണ് മാടായി കോളേജ്. അവിടെ സിപിഐഎം ബന്ധമുള്ള അധ്യാപകനെ എം കെ രാഘവൻ എംപി കോഴ വാങ്ങി നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എംപിക്കെതിരെ പ്രതിഷേധിച്ചത്. പൊലീസ് എത്തിയായിരുന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്. കല്ല്യാശ്ശേരി, പയ്യന്നൂർ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് കോളേജില്‍ സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ എംപി നീക്കം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആരോപണം.

Facebook Comments Box