FilmsKerala NewsMovies

വാക്കുകളുടെ പെരുന്തച്ചൻ, എം.ടി.അരങ്ങൊഴിഞ്ഞു; ‘സിതാര’യിലേക്ക് ഒഴുകി സാംസ്കാരിക കേരളം

Keralanewz.com

കോഴിക്കോട്: അന്തരിച്ച, മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കാൻ ഒഴുകിയെത്തി സാസ്കാരിക കേരളം.

എംടിയുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയിലാണ് എത്തിച്ചിരിക്കുന്നത്. കലയുടേയും സാഹിത്യത്തിന്റേയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനു അന്ത്യാേപചാരമർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ, സിനിമാ മേഖലകളിലെ പ്രമുഖരാണ് എത്തുന്നത്.

നടൻ മോഹൻ ലാല്‍, ഷാഫി പറമ്ബില്‍ എംപി, എം സ്വരാജ്, എംഎൻ കാരശ്ശേരി, മന്ത്രിമാരായ എകെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ, മുഹമ്മദ് റിയാസ്, എഴുത്തുകാരൻ കെപി രാമനുണ്ണി, സംവിധായകൻ ടികെ രാജീവ് കുമാർ,പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സംവിധായകൻ ഹരിഹരൻ, ഗോവ ഗവർണർ അഡ്വ. ശ്രീധരൻ പിള്ള, സിഎംപി നേതാവ് സിപി ജോണ്‍ തുടങ്ങി നിരവധി പേരാണ് സിതാരയിലെത്തി അന്തിമോപചാരമർപ്പിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും എഴുത്തിന്റെ കുലപതിയെ അവസാനമായി കാണാൻ സിതാരയിലേക്ക് എത്തുന്നുണ്ട്.

ബുധനാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം. 91 വയസായിരുന്നു. മരണ സമയത്ത് മകള്‍ അശ്വതി, ഭർത്താവ് ശ്രീകാന്ത്, കൊച്ചു മകൻ മാധവ് എന്നിവർ അരികിലുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച്‌ പൊതു ദർശനം ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ശേഷം ഭൗതിക ശരീരം വീട്ടില്‍ നിന്നു എടുക്കും.

വൈകീട്ട് 5 മണിയോടെ മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം

Facebook Comments Box