Fri. May 3rd, 2024

കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറിനീക്കം: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, റിപ്പോര്‍ട്ടില്‍ ഗുരുതരവീഴ്ചകള്‍

By admin Aug 27, 2021 #news
Keralanewz.com

കൊച്ചി:കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശങ്കറിന് സസ്‌പെന്‍ഷന്‍. സിഐ അടക്കം നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ഗുരുതര വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചത്. മതിയായ പരിശോധനകള്‍ ഇല്ലാതെ രണ്ട് പേരെ വെറുതെ വിട്ടതാണ് ഇതില്‍ പ്രധാനം. മഹസര്‍ തയ്യാറാക്കുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയാണ് മഹസറില്‍ മൊത്തത്തില്‍ പ്രതിഫലിച്ചത്. മേലുദ്യോഗസ്ഥരുമായി സംസാരിക്കാതെയാണ് മഹസര്‍ തയ്യാറാക്കിയത്. കേസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പണം കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്, മൊബൈല്‍ എന്നിവ കൃത്യമായി പരിശോധിച്ചില്ല. തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിലും വീഴ്ച സംഭവിച്ചു. അങ്ങനെ കേസിന്റെ എല്ലാ തലങ്ങളിലും ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കസ്റ്റംസും ചേര്‍ന്നാണ് കാക്കനാട് നിന്ന് ലഹരിമരുന്ന് പിടിച്ചത്. തുടര്‍ന്ന് ജില്ലാ എക്‌സൈസ് നര്‍ക്കോട്ടിക്‌സ് വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതെന്നാണ് ആരോപണം. കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടതാണ് ഇതില്‍ പ്രധാനം. വിട്ടയച്ച പ്രതികളില്‍ ഒരു യുവതി കേസിലെ പ്രധാന തൊണ്ടിമുതലായ എംഡിഎംഎ ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു കിലോ എംഡിഎംഎ പിടിച്ചതില്‍ ഒരാളെ പോലെ പ്രതി ചേര്‍ക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

Facebook Comments Box

By admin

Related Post