CRIMEKerala News

ഷാരോണ്‍ രാജ് വധക്കേസ്; ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍, ‘മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നു’, ഷാരോണ്‍ ക്രൂരമായ പ്രണയച്ചതിയുടെ ഇരയെന്നും കോടതി

Keralanewz.com

കാമുകൻ ഷാരോണിനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.
നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എം എം ബഷീറാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍അപൂര്‍വമാണെന്ന വിലയിരുത്തലോടെയാണ് വധശിക്ഷ വിധിച്ചത്. തെളിവു നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും കോടതി വിധിച്ചു.

വിധി കേള്‍ക്കാൻ ഷാരോണിന്റെ കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു. കേസിലെ അന്വേഷണ മികവിന് പോലീസ് സംഘത്തെ കോടതി പ്രത്യേകം അഭിനന്ദിച്ചു. 586 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ നടത്തിയത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചെന്നും വിധിയില്‍ വ്യക്തമാക്കുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് മരണമൊഴിയില്‍ ഗ്രീഷ്മയുടെ പേര് പറയാതിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.ജൂസ് ചലഞ്ചിലൂടെ ഗ്രീഷ്മ നടത്തിയത് വധശ്രമമായിരുന്നെന്നും കോടതി. വലിയ വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. 11 ദിവസം ജലപാനം ഇല്ലാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നെന്നും അപ്പോഴും ഗ്രീഷ്മയെ അവിശ്വസിക്കാൻ ആ യുവാവിന് സാധിച്ചില്ലെന്നും വിധിയില്‍ കോടതി പറഞ്ഞു. പ്രായത്തിന്റെ ഇളവ് പ്രതിക്ക് ലഭിക്കില്ലെന്നും ഷാരോണിനും ഇതേ പ്രായമായിരുന്നെന്നും കോടതി വിധിയില്‍ പറഞ്ഞു. സംഭവ ദിവസം ഷാരോണ്‍ ഗ്രീഷ്മയെ മർദിച്ചതിന് തെളിവില്ലെന്നും കോടതി. ഷാരോണ്‍ നിഷ്കളങ്കനായിരുന്നെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. 48 സാഹചര്യത്തെളിവുകള്‍ ഗ്രീഷ്മയ്ക്കെതിരേ ഉണ്ടെന്നും കോടതി വ്യക്തമാക്കി.

തമിഴ്നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്‌മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്‌ച കണ്ടെത്തിയിരുന്നു. ശനിയാഴ്‌ച വിധിപറയുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും പ്രോസിക്യൂഷന്റെയും വാദിഭാഗത്തിന്റെയും അന്തിമവാദം കേള്‍ക്കാൻ ഒരു ദിവസംകൂടി അനുവദിക്കുകയായിരുന്നു. പരമാവധി ശിക്ഷ കുറച്ചു നല്‍കണമെന്ന് അന്തിമവാദത്തില്‍ ഗ്രീഷ്മ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ദയ അർഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രായവും പഠിക്കാന്‍ മിടുക്കിയെന്നതും പരിഗണിക്കണം. ബിരുദാനന്തര ബിരുദം വരെ നേടിയിട്ടുണ്ട്, 24 വയസ് മാത്രമേ പ്രായമുള്ളു, തുടര്‍ന്ന് പഠിക്കണം. അതുകൊണ്ട് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണം എന്നാണ് കുറ്റക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഗ്രീഷ്മ നല്‍കിയ മറുപടി. വിദ്യാഭ്യാസ രേഖകളും ഹാജരാക്കി. എഴുതി തയ്യാറാക്കിയ പേപ്പര്‍ ജഡ്ജിക്കുമുന്നില്‍ ഹാജരാക്കിയെങ്കിലും നേരിട്ട് അടുത്തേക്ക് വിളിച്ച്‌ ജഡ്ജി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന രീതിയിലുള്ള കേസെന്ന നിലയില്‍ 302 എന്ന കൊലക്കുറ്റം ചുമത്തിയ പശ്ചാത്തലത്തില്‍ പരമാവധി ശിക്ഷതന്നെ നല്‍കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചു. സ്‌നേഹത്തെയാണ് ഗ്രീഷ്മ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും കൊലപ്പെടുത്തിയതും എന്ന വാദവും പ്രോസിക്യൂഷന്‌റെ ഭാഗത്തുനിന്നുണ്ടായി. സ്‌നേഹം നടിച്ച്‌ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ചെകുത്താന്‌റെ സ്വാഭാവമാണ് പ്രതി ഗ്രീഷ്മയ്ക്കുള്ളതെന്ന വിമര്‍ശനവും പ്രോസിക്യൂഷന്‌റെ ഭാഗത്തുനിന്നുണ്ടായി. ഒരു തവണ പരാജയപ്പെട്ടപ്പോള്‍ വീണ്ടും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നും കോടതിക്കുമുന്നില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരോണ്‍രാജിനെ കൊലപ്പെടുത്താനുള്ള പദ്ധി ഗ്രീഷ്മ നടപ്പാക്കിയതെന്നും ഏറെക്കാലം ഇതിനായി മൊബൈല്‍ ഫോണിലടക്കം പരിശോധനകള്‍ നടത്തിയിരുന്നു. ഷാരോണ്‍ 11 ദിവസം അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമായി സംഭവിച്ച ഒന്നല്ല എന്ന വാദവും പ്രോസിക്യൂഷൻ ഉന്നയിച്ചു.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദഗ്ദമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. ഒക്ടോബര്‍ പതിനാലിനാണ് സംഭവം നടക്കുന്നത്.

കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു.

2023 ജനുവരി 25നാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

Facebook Comments Box