BUSINESSKerala News

സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും; നിരക്ക് കുറയുന്ന ബ്രാൻഡുകള്‍ ഇവയാണ്

Keralanewz.com

തിരുവനന്തപുരംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 10 മുതല്‍ 50 രൂപ വരെയാണ് വില വർധനവ് നിലവില്‍ വരുക. ബെവ്കോയുടെ നിയന്ത്രണത്തില്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന ജവാൻ റമ്മിനും വില കൂട്ടി.

മദ്യ കമ്ബനികള്‍ക്ക് 10 ശതമാനം വരെ വില വർധനവ് നല്‍കിയതിനാലാണ് ബെവ്കോ വില കൂട്ടാൻ തീരുമാനിച്ചത്. മൊത്തം 341 ബ്രാൻഡുകളുടെ വില കൂടിയതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്തിട്ടുണ്ട്.

ജവാൻ മദ്യത്തിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ ലഭിക്കാൻ ഇനി 650 രൂപ കൊടുക്കണം. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. മദ്യ കമ്ബനികള്‍ക്ക് നല്‍കുന്ന പണം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. ജനപ്രിയ ബിയറുകള്‍ക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലുണ്ടായിരുന്ന പ്രീമിയം ബ്രാൻഡികള്‍ക്ക് 130 രൂപ വരെ വർധിച്ചു.

വില കുറയുന്ന ബ്രാൻഡുകള്‍ ഏതാണ്?

സ്പിരിറ്റ് വിലവർധനയും ആധുനികവത്ക്കരണവും പരിഗണിച്ച്‌ മദ്യവില്‍പ്പന വർധിപ്പിക്കണമെന്ന മദ്യവിതരണ കമ്ബനികളുടെ ആവശ്യത്തിനാണ് ബെവ്‌കോ ബോർഡ് യോഗം അംഗീകാരം നല്‍കിയത്. 120 കമ്ബനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്ബനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാൻഡുകളുടെ വിലയാണ് വർധിച്ചത്. ബെവ്‌കോയുടെ ജനപ്രിയ ബ്രാൻഡായ ജവാന് 10 രൂപയാണ് കൂടിയത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയായി. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടും. 700ന് മുകളില്‍ വിലയുള്ള മദ്യത്തിന് 30 മുതല്‍ 50 വരെ കൂടും. 1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതല്‍ 1400 രൂപ നല്‍കേണ്ടി വരും.

നേരത്തെ മദ്യ കമ്ബനികള്‍ക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയപ്പോള്‍ നഷ്ടം നികത്തിയത് വില കൂട്ടിയാണ്. ഇപ്പോള്‍ സ്പിരിറ്റ് വില കൂടിയപ്പോഴാണ് ആ പേരില്‍ കമ്ബനികളുടെ ആവശ്യം പരിഗണിച്ച്‌ സർക്കാർ മദ്യ വില കൂട്ടുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യവില കൂടിയത്. 107 ബ്രാൻഡുകളുടെ വിലയാണ് കുറയുക. കമ്ബനികള്‍ തന്നെ നടത്തിയ മാർക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് വില കുറയ്ക്കുന്നത്. മദ്യ കമ്ബനികള്‍ തമ്മിലുള്ള മത്സരത്തിന്‍റെ അടിസ്ഥാനത്തിലാണ് വില്‍പ്പന കൂട്ടാനായി മദ്യവില കുറച്ചത്. അതിനിടെ 16 പുതിയ കമ്ബനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകള്‍ ബെവ്കോയ്ക്ക് നല്‍കും.

Facebook Comments Box