CRIMEKerala News

പകുതി വില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് വനിതാ നേതാവ് ഷീബ സുരേഷിന്റെ വീട് ഇ ഡി സീല്‍ ചെയ്തു.

Keralanewz.com

ഇടുക്കി: പകുതി വില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു.

തട്ടിപ്പില്‍ ഇ ഡി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് ഇ ഡി സീല്‍ ചെയ്തത്. കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ് ഷീബ സുരേഷ്.

ഷീബ നിരവധി പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നാണ് വിവരം. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഷീബാ സുരേഷ് വിദേശത്തേക്ക് കടന്നിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല ഷീബയ്ക്കായിരുന്നുവെന്നാണ് വിവരം.

ഷീബ സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തൊടുപുഴ കോളപ്ര കേന്ദ്രീകരിച്ച്‌ എന്‍ജിഒ രൂപീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ എന്‍ജിഒയ്ക്ക് കീഴില്‍ സംസ്ഥാനത്താകെ 64 സീഡ് സൊസൈറ്റികള്‍ വിവിധ പേരുകളില്‍ രൂപീകരിച്ച്‌ പദ്ധതി നടപ്പിലാക്കുകയായിരുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തി സാധാരണക്കാരുടെ വിശ്വാസമാര്‍ജ്ജിക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ അനന്തുവിന് ജാമ്യം കിട്ടി പുറത്തുവന്നാല്‍ മാത്രമെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും നിരവധി കാര്യങ്ങള്‍ പ്രസ്ഥാനം ചെയ്തിട്ടുണ്ടെന്നും ഷീബ സുരേഷ് പറയുന്ന ശബ്ദസന്ദേശം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരുന്നു. അനന്തു പണവുമായി മുങ്ങിയതല്ല. മറിച്ച്‌ സാധനങ്ങള്‍ എത്താനുള്ള കാലതാമസം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും കൂടുതല്‍ കേസുകള്‍ വന്നാല്‍ അനന്തുവിന്റെ പുറത്തിറങ്ങല്‍ വൈകുമെന്നും ശബ്ദ സന്ദേശത്തില്‍ ഷീബ സുരേഷ് പറഞ്ഞിരുന്നു. എൻജിഒ കോണ്‍ഫെഡ‍റേഷൻ ബോർഡ് അംഗവും സർദാർ പട്ടേല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച്‌ ഡവലപ്മെൻ്റ് സൊസൈറ്റി (എസ്പിഐഎആർഡിഎസ്) ചെയർപേഴ്സണ്‍ കൂടിയാണ് ഷീബ.

Facebook Comments Box