Mon. Apr 29th, 2024

ബി ജെ പി യെ തോൽപിക്കാൻ ശേഷിയുള്ളവർക്ക്’ഇന്ത്യ’ മുന്നണിയുടെ നേതൃസ്ഥാനം നല്‍കണം; കോണ്‍ഗ്രസ് തെറ്റുകളില്‍ നിന്ന് പാഠം പഠിക്കണം’; ‘ഇന്ത്യ’ സഖ്യ നേതൃസ്ഥാനം മമതയ്ക്ക് നല്‍കണമെന്ന് സൂചിപ്പിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്

Keralanewz.com

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിൽ മാത്രം ജയിക്കുകയും, ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും പരാജയപ്പെട്ട് കോണ്‍ഗ്രസിന് അധികാരം നഷ്ടമാവുകയും ചെയ്തതിന് പിന്നാലെ ‘ഇന്ത്യ’ സഖ്യത്തിന്റെ നേതൃസ്ഥാനം ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.

ഇന്ത്യ മുന്നണിയുടെ നേതൃത്വം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്കണമെന്ന പരോക്ഷ സൂചനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

ബിജെപിയെ തോല്പിച്ച ചരിത്രമുള്ളവര്‍ക്കാണ് മുന്നണി നേതൃസ്ഥാനം നൽകേണ്ടതെന്നാണ് തൃണമൂല്‍ കോൺഗ്രസ് പറയുന്നത്. പാര്‍ട്ടിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് ബിജെപിയെ പല തവണ തോല്‍പ്പിച്ച്‌ പരിചയമുള്ള ആളായിരിക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടമായതിനു പിന്നാലെയാണ് ഇന്ത്യ മുന്നണിയിലെ നേതൃസ്ഥാനത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് ചരടുവലികള്‍ ആരംഭിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരാനിരിക്കെയാണ് നിര്‍ണായകമായ നീക്കം നടക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രാദേശിക കക്ഷി നേതാക്കള്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യാ മുന്നണി യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു.

‘ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഡസൻ ബിജെപി നേതാക്കളും ബംഗാളില്‍ പ്രചാരണം നടത്തിയെങ്കിലും മമത ബാനര്‍ജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവര്‍ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ ഗീബല്‍സിയൻ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്’- എഡിറ്റോറിയലില്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാൻ കഴിയില്ലെന്നാണ് മമത അറിയിച്ചത്. അതേസമയം ക്ഷണം ലഭിച്ചാല്‍ തൃണമൂല്‍ പ്രതിനിധിയെ അയക്കുന്ന കാര്യം പരിഗണിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

മമത ബാനര്‍ജി തിങ്കളാഴ്ച നിയമസഭയില്‍ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്‌ വിശദമായി സംസാരിച്ചിരുന്നു. സീറ്റ് വിഭജനത്തിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചിരുന്നെങ്കില്‍ തെലങ്കാനയെപ്പോലെ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരത്തിലേറാൻ കഴിയുമായിരുന്നു എന്നാണ് മമത പ്രതികരിച്ചത്. ഇന്ത്യ സഖ്യത്തിലെ ചെറിയ പാര്‍ട്ടികള്‍ വോട്ടുകള്‍ ഭിന്നിപ്പിച്ചു. അത് ബിജെപിക്ക് സഹായകരമായി. അതാണ് കോണ്‍ഗ്രസിന്റെ പരാജയ കാരണമെന്നും മമത പറഞ്ഞു.

പ്രചാരണവും പരസ്യവും മാത്രം പോരാ. തന്ത്രം ഉണ്ടായിരിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും വേണം. സീറ്റ് വിഭജനം ഉണ്ടായാല്‍ 2024ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തില്ല. ബിജെപിക്ക് ഇപ്പോള്‍ അധികം സന്തോഷിക്കാനൊന്നുമില്ല. വോട്ട് ശതമാനത്തിലെ വ്യത്യാസം വളരെ കുറവാണെന്നും മമത സൂചിപ്പിച്ചു.

Facebook Comments Box

By admin

Related Post