Kerala NewsTechnology

ആകാശപാത പൂര്‍ത്തിയാക്കണമെന്ന് തിരുവഞ്ചൂര്‍; ആക്രിക്ക് കൊടുക്കാമെന്ന് ഗണേഷ് .

Keralanewz.com

കോട്ടയം: കോട്ടയം പട്ടണത്തിലെ ആകാശപാത നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ വിഷയം ഉന്നയിച്ചത്.
ജനങ്ങളുടെ മുന്നില്‍ നോക്കുകുത്തിയായി ആകാശപാത നില്‍ക്കുകയാണ് എന്നും ഇക്കാര്യത്തില്‍ ദയവായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നുമാണ് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടത്.

‘ആകാശപാത 10 വര്‍ഷമായി നാടിന്റെ ദുഖമായി നിശ്ചലമായി നില്‍ക്കുകയാണ്. ഗതാഗത കുരുക്കിന് പരിഹാരം എന്ന നിലയിലാണ് പദ്ധതിക്ക് എം എല്‍ എ ഫണ്ട് അനുവദിച്ചത്. എന്നാല്‍ ആകാശപാത പദ്ധതി എങ്ങും എത്തിയില്ല. പിണറായി സര്‍ക്കാരിന്റെ ഫിനിഷിങ് പോയിന്റാകണം പദ്ധതിയുടെ പൂര്‍ത്തീകരണം, ‘ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം കോട്ടയം ആകാശപാതയില്‍ സര്‍ക്കാര്‍ പണം ദുര്‍വ്യയം ചെയ്‌തെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആകാശപാത പൂര്‍ത്തീകരിക്കുന്നത് അസാധ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്ത വര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോട്ടയത്ത് അഞ്ച് റോഡുകള്‍ വന്ന് ചേരുന്ന സ്ഥലത്താണ് ഈ ആകാശ പാത സ്ഥിതി ചെയ്യുന്നത്. കോട്ടയത്തെ തന്നെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന റോഡ് ആണ്. സ്വാഭാവികമായും അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇത്രയധികം വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന ഒരു സ്ഥലത്ത് ഉറപ്പായും ഭാവിയില്‍ റോഡ് വികസനം ഉണ്ടാകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പോള്‍ ആകാശ പാത പൊളിച്ച്‌ മാറ്റേണ്ടി വരും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ വിശകലന പ്രകാരം 17 കോടിയോളം രൂപ ആകാശ പാത പൂര്‍ത്തിയാക്കാന്‍ ആവശ്യമാണ്. അത്രയും തുക ഉപയോഗിച്ച്‌ ഭാവിയില്‍ പൊളിച്ചു മാറ്റേണ്ട ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ തിരുവഞ്ചൂരിന് മുഖ്യമന്ത്രിയെ സമീപിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ സമീപിച്ചാല്‍ കാര്യങ്ങള്‍ അല്പം കൂടെ വ്യക്തമായി പറഞ്ഞു തരും എന്ന് മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലയ്ക്ക് വന്ന കലാകാരന്‍ സ്ഥലം എം എല്‍എ തിരുവഞ്ചൂരിനോടുള്ള ബന്ധം കൊണ്ടുണ്ടാക്കിയ ശില്‍പ്പമാണെന്നാണ് കരുതിയത് എന്നും മന്ത്രി പരിഹസിച്ചു. ഇതിന് പിന്നാലെ ഗണേഷ് കുമാറിന്റെ പരിഹാസത്തിനെതിരെ തിരുവഞ്ചൂര്‍ രംഗത്തെത്തി.

ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ ആക്ഷേപിക്കുകയാണെന്ന് മന്ത്രി ചെയ്തത് എന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. മന്ത്രി ഇങ്ങനെയേ മറുപടി നല്‍കൂ എന്ന് അറിയാമായിരുന്നു എന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് നാട്ടിലെ ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ ആണ് ആകാശ പാതയുടെ കോട്ടയത്ത് പണിയാരംഭിച്ചത്.

വേണ്ടത്ര ആലോചനയില്ലാതെ തുടങ്ങിയ പണി പൂര്‍ത്തിയാകാത്തത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂര്‍ത്തീകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോട്ടയം നഗര മധ്യത്തില്‍ പകുതി പണിത് ആര്‍ക്കും ഉപകാരമില്ലാതെ നിര്‍ത്തിയിരിക്കുന്ന ആകാശപാതയുടെ തൂണുകള്‍ തുരുമ്ബെടുത്ത് ഏത് നിമിഷവും നീലംപതിക്കാവുന്ന അവസ്ഥയിലാണ്.

Facebook Comments Box