Kerala NewsPolitics

നികേഷ് കുമാർ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാർത്ഥി ! ചർച്ചകൾ പുരോഗമിക്കുന്നു.

Keralanewz.com

തിരുവനന്തപുരം: പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ മുന്‍ ചീഫുമായ എംവി നികേഷ് കുമാറിനെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് സി.പി.എം പരിഗണിക്കാൻ സാധ്യത.
ചേലക്കര നിയമസഭാ സീറ്റ് നിലനിര്‍ത്തുന്നതോടൊപ്പം പാലക്കാട് നിയമസഭാ സീറ്റ് പിടിച്ചെടുക്കുകയോ വോട്ട് വര്‍ദ്ധനവ് ഉണ്ടാക്കുകയോ ചെയ്താല്‍ അത് 2026-ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷത്തിന് കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതൃത്വം .

പാലക്കാട് സി.പി.എം പരിഗണനയില്‍ മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ് മുതല്‍ സി.പി.എം യുവ നേതാവ് നിതിന്‍ കണിച്ചേരി വരെ ഉണ്ടെങ്കിലും, ഒരു താര പരിവേഷമുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ശക്തമായാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എം.വി നികേഷ് കുമാറിനായിരിക്കും നറുക്ക് വീഴുക.

2019-ല്‍ 3,859 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ പാലക്കാട് നിന്നും വിജയിച്ചിരുന്നത്. ഇപ്പോള്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം, 9,707 വോട്ടിന്റെ ലീഡ് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ബി.ജെ.പി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍, ബി.ജെ.പി വിജയിക്കാതിരിക്കാന്‍ സി.പി.എം വോട്ടുകളും ഷാഫിക്ക് ലഭിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്തരം ഒരു വോട്ട് ഷിഫ്റ്റിനുള്ള സാധ്യത വളരെ കുറവാണ്. പരമാവധി വോട്ട് പിടിച്ച്‌ കരുത്ത് കാട്ടാനാണ് ഇത്തവണ സി.പി.എം ശ്രമിക്കുക. ഇവിടെയാണ് നികേഷിനെ പോലെയുള്ള വരുടെ പേരിനും പ്രസക്തി വര്‍ദ്ധിക്കുന്നത്.

2016-ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി നികേഷ് കുമാര്‍ 2462 വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയോട് പരാജയപ്പെട്ടിരുന്നത്. ഇതിനു ശേഷം തിരിച്ച്‌ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് മടങ്ങിയ നികേഷ് കുമാര്‍ ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു വേണ്ടി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ ജോലി ഉപേക്ഷിച്ച് പടിയിറങ്ങിയത്.

Facebook Comments Box