സുധാകരൻ തുടരണം; പോഡ്കാസ്റ്റിലുറച്ച് തരൂര്‍, 15 ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറില്ലെന്നും പ്രതികരണം
തിരുവനന്തപുരം: പോഡ്കാസ്റ്റിലെ നിലപാടിലുറച്ച് ശശി തരൂർ എം പി. 15 ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറില്ല. ഒരിക്കല്‍ പറഞ്ഞ കാര്യം ആവർത്തിക്കുന്നില്ലെന്നും പോഡ്കാസ്റ്റ് കേള്‍ക്കാതെയാണ് പലരും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും തരൂർ പറഞ്ഞു.
കെപിസിസി നേതൃത്വത്തില്‍ മാറ്റം വേണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു.
വ്യക്തിപരമായ അഭിപ്രായം സുധാകരൻ തുടരണമെന്നാണ്. സുധാകരന്റെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പാർട്ടി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി. കോണ്‍ഗ്രസ് പാർട്ടിയില്‍ ഐക്യം വേണമെന്ന് കരുതി കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലല്ലോയെന്നും തരൂർ പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു തരൂർ.
– ശശി എന്ന് എന്തുകൊണ്ട് പേരിട്ടു? ശശി തരൂർ പറയുന്നു
നേരത്തെ ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ പോഡ്കാസ്റ്റിലെ ചില പരാമർശങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ‘പലരും ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ കേരളത്തിന്റെ വിഷയത്തില്‍ കുറച്ചുകൂടി ഇടപെടണമെന്നത്. കഴിഞ്ഞതവണ യുഡിഎഫ് എന്നെ പ്രകടന പത്രികാ കമ്മിറ്റിയുടെ ചെയര്‍മാനാക്കി. അത് നന്നായി കൈകാര്യം ചെയ്യാനും പ്രവര്‍ത്തിക്കാനും അവസരമുണ്ടാക്കി. രാഷ്ട്രീയത്തില്‍ വന്നശേഷം മൂന്ന് തവണയും പാര്‍ട്ടിക്കായി കേരളത്തില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. ആദ്യത്തെ തിരഞ്ഞെടുപ്പില്‍ അത്ര ആവശ്യമുണ്ടായിരുന്നില്ല. അവസാന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ആവശ്യമുണ്ടായിരുന്നു. 2026ല്‍ എന്ത് ആവശ്യപ്പെടുമെന്ന് നോക്കാമെന്നും- തരൂർ പറഞ്ഞു.
സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രം നമുക്ക് ജയിക്കാനാകില്ല. എപ്പോഴും പിന്തുണ തരുന്നവരുടെ വോട്ടിന് അപ്പുറത്തേക്കുള്ള വോട്ടുകള്‍ പിടിച്ചാലെ അധികാരത്തിലെത്താന്‍ കഴിയൂവെന്ന് ഞാന്‍ എപ്പോഴും പറയും. തിരുവനന്തപുരത്ത് സംസാരവും പെരുമാറ്റവും കണ്ടിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇഷ്ടപ്പെടാത്തവര്‍ പോലും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ അവിടെ ജയിച്ചിട്ടുണ്ടാകില്ല. അതാണ് 2026ല്‍ വേണ്ടത്- ശശി തരൂർ പറഞ്ഞു.