International News

ട്രംപുമായുണ്ടായ വാക്കേറ്റത്തില്‍ മാപ്പ് പറഞ്ഞ് സെലൻസ്കി; സമാധാനത്തിനായി ഡൊണള്‍‌ഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കാൻ തയ്യാറാണെന്നും യുക്രൈൻ പ്രസിഡന്റ്; ധാതു ഖനന കരാറില്‍ ഏതു സമയത്തും ഒപ്പിടാമെന്നും നിലപാട്

Keralanewz.com

കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുണ്ടായ വാക്കേറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി.

സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സെലൻസ്കിയുടെ ഖേദപ്രകടനം. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കാൻ തയ്യാറാണെന്നും സെലൻസ്കി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അമേരിക്കയുമായി ധാതു ഖനന കരാർ ഏത് സമയത്തും ഒപ്പിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സെലൻസ്കി നടത്തിയ കൂടിക്കാഴ്ച്ച വലിയ തർക്കത്തിലായിരുന്നു കലാശിച്ചത്. ഇതിന് പിന്നാലെ സുപ്രധാനമായ ധാതു ഖനന കരാർ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്. പിന്നാലെ യുക്രെയ്നിനുള്ള സൈനിക-സാമ്ബത്തിക സഹായങ്ങള്‍ അമേരിക്ക മരവിപ്പിച്ചിരുന്നു. ഇതോടെയാണ് സെലൻസ്കി വൈറ്റ് ഹൗസിലെ തർക്കത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയത്.

‘യുക്രെയ്നിനെക്കാള്‍ സമാധാനം ആഗ്രഹിക്കുന്ന ആരും ഇല്ല. സമാധാനത്തിനായി ഡൊണള്‍‌ഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിനു കീഴില്‍ പ്രവർത്തിക്കാൻ താനും തന്റെ സംഘവും തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കാൻ ഞങ്ങള്‍ തയ്യാറാണ്. തടവുകാരുടെ മോചനവും ആകാശയുദ്ധം താല്‍കാലികമായി നിർത്തിവയ്ക്കലുമായിരിക്കണം ആദ്യഘട്ടം. മിസൈല്‍, ദീർഘദൂര ഡ്രോണുകള്‍, ബോംബ് എന്നിവയുടെ നിരോധനവും കടല്‍മാർഗമുള്ള ആക്രമണങ്ങളും റഷ്യ അവസാനിപ്പിച്ചാല്‍ യുക്രെയ്നും അതുപോലെ ചെയ്യും. പിന്നീട് വളരെ വേഗത്തില്‍ തുടർനടപടികള്‍ സ്വീകരിച്ച്‌ മുന്നോട്ടുപോകുകയും യുഎസുമായി സഹകരിച്ച്‌ ശക്തമായ അന്തിമ കരാറില്‍ എത്തിച്ചേരുകയും ചെയ്യാം.’-സെലൻസ്കി പറഞ്ഞു.

യുക്രെയ്‌നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിർത്താൻ അമേരിക്ക എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് ശരിക്കും മനസിലാക്കുന്നു. പ്രസിഡന്റ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ജാവലിൻ മിസൈലുകള്‍ തന്നത് യുക്രെയ്നിലുണ്ടാക്കിയ മാറ്റങ്ങള്‍ ഞങ്ങള്‍ ഓർമിക്കുന്നു. അതിനെല്ലാം ഞങ്ങള്‍ നന്ദിയുള്ളവരാണ്.

വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയില്‍ നടന്നില്ല. അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. കാര്യങ്ങള്‍ ശരിയാക്കേണ്ട സമയമാണിത്. ഭാവിയിലെ സഹകരണവും ആശയവിനിമയവും ക്രിയാത്മകമായിരിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി വ്യക്തമാക്കി.

ധാതുക്കളുടെ സുരക്ഷ സംബന്ധിച്ച കരാർ‌ ഏത് സമയത്തും ഏത് സൗകര്യപ്രദമായ രൂപത്തിലും ഒപ്പുവയ്ക്കാൻ യുക്രെയ്ൻ തയ്യാറാണ്. കൂടുതല്‍ സുരക്ഷയിലേക്കും ശക്തമായ സുരക്ഷാ ഉറപ്പുകളിലേക്കുമുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഈ കരാറിനെ കാണുന്നത്. അത് ഫലപ്രദമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സെലൻസ്കി എക്സില്‍ കുറിച്ചു.

സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ അസാധാരണമായ സംഭവങ്ങള്‍ക്കാണ് ഓവല്‍ ഓഫിസ് സാക്ഷ്യം വഹിച്ചത്. യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇതുസംബന്ധിച്ചാണ് ഇരുനേതാക്കളും തമ്മില്‍ തർക്കം ആരംഭിച്ചതും. യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടില്‍ വിശ്വസിക്കാൻ കൊള്ളാത്തവനെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. കൊലയാളിയോട് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാകരുതെന്നും സെലൻസ്കി ആവശ്യപ്പെട്ടു. സമാധാനം വേണമെന്ന നിലപാടില്‍ ട്രംപ് ഉറച്ചുനിന്നതോടെ യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കില്‍ ഉറപ്പുകള്‍ ലഭിക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.

സെലൻസ്കിയുടെ നിലപാടുകള്‍ ലോകത്തെ മറ്റൊരു മഹാ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ട്രംപ് കുറ്റപ്പെടുത്തി. പിന്നാലെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തില്‍ ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചു. ഇതോടെ ചർച്ചയിലെ സൗഹാർദ്ദാന്തരീക്ഷം പൂർണമായും തകരുകയായിരുന്നു. തർക്കവും വെല്ലുവിളികളും മുറുകിയതോടെ സംയുക്ത വാർത്താസമ്മേളനത്തിനും ട്രംപ് തയ്യാറായില്ല. ഇതോടെ മുൻനിശ്ചയിച്ച കരാറുകളില്‍ ഒപ്പുവെക്കാതെ സെലൻസ്കി മടങ്ങുകയും ചെയ്തിരുന്നു.

യുഎസ് ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് സെലെൻസ്‌കിയോട് ട്രംപ് പറഞ്ഞു. ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി പറഞ്ഞു. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളില്‍ നിന്നു മാറി പരസ്പരം വാക്കുതകർക്കത്തിലേക്കു നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്. പിന്നാലെ, യുഎസ് ഇടപെടുകയാണെങ്കില്‍ സെലെൻസ്കി സമാധാനത്തിന് തയാറല്ലെന്നാണ് മനസിലാക്കുന്നതെന്നും സെലെൻസ്കി യുഎസിനെ അപമാനിച്ചെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ ആരോപിച്ചു. സമാധാനത്തിന് തയാറുള്ളപ്പോള്‍ സെലെൻസ്കിക്ക് തിരിച്ചുവരാമെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തില്‍ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറില്‍ സെലെൻസ്കി ഒപ്പുവച്ചില്ല. ധാതുവിഭവങ്ങള്‍, പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്‌ക്കൊപ്പം തുറമുഖങ്ങളുടെയും പ്രകൃതിവാതക ടെർമിനലുകളുടെയും ഉടമസ്ഥതയും യുഎസിനു കൈമാറണമെന്നതാണ് കരാർ. ഇതിനു പകരമായി സൈനിക സുരക്ഷാ ഉറപ്പുകളൊന്നും കരാറില്ലെന്നതാണു ശ്രദ്ധേയം.

റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രൈനെ സഹായിക്കുന്ന നിലപാടായിരുന്നു ജോ ബൈഡൻ ഭരണകൂടം സ്വീകരിച്ചിരുന്നത്. ബൈഡന്റെ ഭരണകാലത്ത് അമേരിക്ക യുക്രെയ്നിനു സാമ്ബത്തികസഹായവും ആയുധങ്ങളും നല്‍കിയിരുന്നു. എന്നാല്‍ റഷ്യ അനുകൂല നിലപാടാണു നിലവിലെ പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. സെലെൻസ്കിയെ രൂക്ഷമായി വിമർശിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ നയം മയപ്പെടുത്താനും യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക്കൻ കക്ഷി നേതാക്കളുടെ പിന്തുണ നേടാൻ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സെലെൻസ്കി.

Facebook Comments Box