വന്യജീവികളെ വെടിവെച്ച് കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനത്തിനെതിരെ വനം മന്ത്രി
തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.
നിയമം കയ്യിലെടുക്കുന്നതില്‍ പുനരാലോചന അനിവാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്. അനധികൃത കാര്യങ്ങള്‍ നടന്നാല്‍ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമത്തിന്റെ വഴിക്കുപോകുമെന്നല്ലാതെ വനം വകുപ്പിന് മറ്റൊന്നും ചെയ്യാനാവില്ല. അനധികൃതമായ കാര്യങ്ങള്‍ നടന്നാല്‍ വനനിയമം അനുസരിച്ച് നടപടിക്രമങ്ങള്‍ സ്വീകരിക്കും. ജനങ്ങളെ നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയത്. മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ മറ്റ് പോംവഴികള്‍ ഇല്ലെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്തിലെ എല്ലാ പാര്‍ട്ടിക്കാരുടേയും ജനങ്ങളുടേയും പിന്തുണയോടെയാണ് തീരുമാനമെന്നും പഞ്ചായത്ത് പ്രഡിസന്റ് വ്യക്തമാക്കിയിരുന്നു.