യു.എസ് തീരുവ ഇന്ത്യയെ ബാധിക്കും; പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: യു.എസ് നടപ്പാക്കാനിരിക്കുന്ന തീരുവ ഇന്ത്യയെ ബാധിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ചർച്ച തുടങ്ങിയെന്ന് നിർമല സീതാരാമൻ പറഞ്ഞു.
വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് നിർമലയുടെ പരാമർശം.
യു.എസ് ഉദ്യേഗസ്ഥരുമായി പിയുഷ് ഗോയല്‍ ചർച്ച തുടങ്ങിയിട്ടുണ്ട്. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവുമായി ഉള്‍പ്പടെ അദ്ദേഹം ചർച്ച നടത്തും. വാണിജ്യമന്ത്രി യു.എസുമായുള്ള ചർച്ചകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കാം. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ പരമാവധി യു.എസിന് മുന്നില്‍ ഉന്നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിർമല സീതാരാമൻ പറഞ്ഞു.
കാനഡക്കും മെക്സിക്കോക്കും പിന്നാലെ ഇന്ത്യക്കും യു.എസ് അധിക തീരുവ ചുമത്തുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സൂചനകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയത്. ഏപ്രില്‍ രണ്ട് മുതല്‍ യു.എസ് അധിക തീരുവ ചുമത്തുമെന്നാണ് റിപ്പോർട്ട്. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു ട്രംപിന്റെ പരാമർശം.
കഴിഞ്ഞ കുറേ വർഷങ്ങളായി മറ്റ് രാജ്യങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുകയായിരുന്നു. ഇനി ഞങ്ങളുടെ ഊഴമാണ്. യുറോപ്യൻ യൂണിയൻ, ചൈന ബ്രസീല്‍, ഇന്ത്യ, മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. 100 ശതമാനം തീരുവയാണ് ഇന്ത്യ യു.എസിന് മേല്‍ ചുമത്തുന്നത്. ഇത് അന്യായമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ ഞങ്ങള്‍ക്കുമേല്‍ എത്ര നികുതിയാണോ ചുമത്തുന്നത് അത്ര തന്നെ അവർക്കുമേലും ചുമത്തും. ഞങ്ങളെ മാർക്കറ്റില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോയാല്‍ ഞങ്ങളും അത് തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.