Mon. May 6th, 2024

കേന്ദ്രത്തിന്റെ സുപ്രധാന പ്രഖ്യാപനം വരുന്നു; കിസാന്‍ പദ്ധതി തുക വര്‍ധിപ്പിക്കുമെന്ന് സൂചന.

By admin Jan 31, 2024 #bjp #Nirmala Seetharaman
Keralanewz.com

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഇത്തവണ ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക.

എങ്കിലും സമ്ബൂര്‍ണ ബജറ്റിന്റെ മാതൃകയിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ജനകീയമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിലൊന്നാണ് കര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതി തുക വര്‍ധിപ്പിക്കുമെന്നത്.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരണം. റെയില്‍വെ ബജറ്റ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ എന്തൊക്കെയാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുക എന്ന് ഏവരും ഉറ്റുനോക്കും. മാത്രമല്ല, നികുതി ഘടനയില്‍ മാറ്റം വരുമോ എന്നതും പ്രധാനമാണ്. അതിനിടെയാണ് കിസാന്‍ പദ്ധതി സംബന്ധിച്ച വാര്‍ത്ത.

പിഎം കിസാന്‍ പദ്ധതിയില്‍ അംഗമായ കര്‍ഷകര്‍ക്ക് നിലവില്‍ 6000 രൂപയാണ് പ്രതിവര്‍ഷം കേന്ദ്രം നല്‍കുന്നത്. 2000 രൂപ മൂന്ന് ഘട്ടങ്ങളായി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യാറ്. പദ്ധതി തുക 6000ത്തില്‍ നിന്ന് 9000 ആക്കി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷകര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന വിവരമാണിത്.
2024ലെ കേന്ദ്ര ബജറ്റില്‍ മൂന്ന് സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൊന്നാണ് പിഎം കിസാന്‍ പദ്ധതി. ഭവന പദ്ധതിയായ പിഎം ആവാസ് യോജനയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനും ബജറ്റില്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പിഎം കിസാന്‍ പദ്ധതിക്ക് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 60000 കോടി നീക്കിവച്ചിരുന്നു. ഇത്തവണ 50 ശതമാനം കൂടി അധികം നീക്കിവയ്ക്കും.

മൂലധന ചെലവിലേക്കായി ഈ ബജറ്റിലും വലിയ തുക വകയിരുത്തിയേക്കും. റോഡ്, തുറമുഖം, വൈദ്യുതി നിലയം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ചെലവാണ് ഈ ഗണത്തില്‍ വരുന്നത്. മാത്രമല്ല, സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത.

സാധാരണ ബജറ്റിന് മുന്നോടിയായി സാമ്ബത്തിക സര്‍വെ പാര്‍ലമെന്റില്‍ വയ്ക്കാറുണ്ട്. ഇത്തവണ അതുണ്ടാകില്ല. ഇടക്കാല ബജറ്റാണ് എന്നതും തിരഞ്ഞെടുപ്പ് വര്‍ഷമാണ് എന്നതുമാണ് കാരണം. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ സമ്ബൂര്‍ണ ബജറ്റിന് അനുമതി നല്‍കും. ഏപ്രില്‍-മെയ് മാസങ്ങളിലായിട്ടാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക.

Facebook Comments Box

By admin

Related Post