Kerala News

‘കറുപ്പിന്റെ പേരില്‍ അപമാനിക്കപ്പെട്ടു, ഏഴ് മാസമായി ഭര്‍ത്താവുമായി താരതമ്യം ചെയ്യപ്പെടുന്നു’; ശാരദ മുരളീധരൻ

Keralanewz.com

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞ ഏഴ് മാസമായി നിറത്തിന്റെ പേരില്‍ ഭർത്താവുമായി താരതമ്യം ചെയ്‌തുള്ള പരാമർശങ്ങള്‍ കാണാനിടയായെന്നും ഒരു സ്ത്രീ ആയതാണ് ഇതിനെല്ലാം കാരണമെന്നും ശാരദ മുരളീധരൻ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചു

തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച്‌ ഒരാള്‍ നടത്തിയ മോശം പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ശാരദ മുരളീധരൻ പ്രതികരിച്ചത്. കറുപ്പുനിറത്തെ സ്വന്തം എന്ന നിലയില്‍ ചേർത്ത് പിടിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ശാരദ മുരളീധരൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഇന്നലെ രാവിലെ വിഷയവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് അവർ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അത് നീക്കം ചെയ്‌തിരുന്നു. എന്നാല്‍ ഇത്തരമൊരു പോസ്‌റ്റിന്റെ ആവശ്യകതയും അതിന്റെ സാഹചര്യത്തിന്റെ പ്രസക്തിയും ചൂണ്ടിക്കാട്ടി നിരവധി പേർ പിന്തുണയുമായി എത്തിയതോടെ ശാരദ മുരളീധരൻ രാത്രി വിശദമായ പോസ്‌റ്റ് പങ്കുവയ്ക്കുകയായിരുന്നു.

തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള അർത്ഥം വരുന്ന ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്‌റ്റില്‍ പറഞ്ഞത്. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയും ഭർത്താവുമായ വി വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ഈ പരാമർശം എന്നാണ് അവർ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ശാരദ മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍

എന്റെ കറുപ്പിനെ ഞാൻ ചേർത്തുപിടിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴ് മാസമായി എന്റെ മുൻഗാമിയുമായി താരതമ്യങ്ങളുടെ ഒരു നിരന്തര പരേഡായിരുന്നു. അത് കൂടുതലും കറുത്തതായി മുദ്രകുത്തപ്പെടുന്നതിനെ ക്കുറിച്ചായിരുന്നു. അതില്‍ ഞാൻ വളരെ അസ്വസ്ഥയായി, അത് ലജ്ജിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു. കറുപ്പ് വെറുമൊരു നിറം മാത്രമല്ല.

നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ.. പക്ഷെ എന്തിനാണ് കറുപ്പിനെ അധിക്ഷേപിക്കുന്നത്. പ്രപഞ്ചത്തിലെ സർവ്വവ്യാപിയായ സത്യമാണ് കറുപ്പ്. എന്തിനേയും ആഗിരണം ചെയ്യാൻ കഴിയുന്ന, മനുഷ്യ വർഗത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ഊർജ്ജസ്‌പന്ദനം കൂടിയാണത്.

എന്നെ വീണ്ടും ഗർഭപാത്രത്തിലെത്തിച്ച്‌ വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാൻ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോള്‍ ഞാൻ എന്റെ അമ്മയോട് ചോദിച്ചിരുന്നത്. വേണ്ടത്ര നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്ബത് വർഷമായി ഞാൻ ജീവിക്കുന്നത്. കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്‌ടയായതില്‍ എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്.

ഇപ്പോള്‍ കറുപ്പില്‍ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കള്‍ കണ്ടെത്തിയിരിക്കുന്നു. കറുപ്പ് ഭംഗിയാണെന്ന് അവരെനിക്ക് ബോധ്യപ്പെടുത്തിത്തന്നു, അത് കണ്ടെത്താൻ അവരെന്നെ സഹായിച്ചു. കറുപ്പ് മനോഹരമാണെന്ന് ഞാൻ ഇപ്പോള്‍ മനസിലാക്കുന്നു.

Facebook Comments Box