Thu. Mar 28th, 2024

കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു

By admin Oct 22, 2021 #news
Keralanewz.com

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിൽവെച്ചാണ് ഇരുസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ രാഹുലിന് കുത്തേറ്റത്. സഹോദരൻമാർ ഉൾപ്പെടെ മൂന്നുപേർക്കാണ് കുത്തേറ്റത്

അക്രമികൾ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഒളിച്ചതും കുത്തേറ്റവരും സംഘവും ആശുപത്രിക്കുള്ളിൽ ഇവരെ തിരഞ്ഞതും ജീവനക്കാരെയും രോഗികളെയും ഭീതിയിലാഴ്ത്തി. ഒരുമണിക്കൂറോളം അക്രമികൾ ആശുപത്രിയിലും പരിസരത്തും അഴിഞ്ഞാടി.

ബുധാനാഴ്ച രാത്രി പത്തരയോടെയുണ്ടായ അക്രമത്തിൽ കുന്നിക്കോട് വിളക്കുടി ചക്കുപാറ പ്ലാങ്കീഴിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (27), സഹോദരൻ വിനീത് (ശിവൻ-25), കുന്നിക്കോട് സ്വദേശി രാഹുൽ (26) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൻ രാഹുലാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴുത്തിനു കുത്തേറ്റ വിനീതിന്റഎ നില ഗുരുതരമാണ്. ശിവനെയും ചെവിക്കു പിന്നിൽ കുത്തേറ്റ വിഷ്ണുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രാഹുലിനെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊട്ടാരക്കരയിലെ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഡ്രൈവർമാരായ കൊട്ടാരക്കര ഫാത്തിമ മൻസിലിൽ സിദ്ദിഖ് (36), സഹോദരൻ ഹാരിസ് എന്നിവരെ തർക്കം പരിഹരിക്കാനെന്ന പേരിൽ കഴിഞ്ഞ ദിവസം കുന്നിക്കോട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വിഷ്ണുവും ശിവനും ഉൾപ്പെട്ട സംഘം സിദ്ദിഖിനെ ക്രൂരമായി മർദിച്ചു. സിദ്ദിഖ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇതിന്റെ തുടർച്ചയായിട്ടാണ് ഇരുകൂട്ടരും സംഘംചേർന്ന് രാത്രിയിൽ കൊട്ടാരക്കരയിൽ ആശുപത്രിക്കു മുന്നിൽ ഏറ്റുമുട്ടിയത്.

മുപ്പതംഗസംഘം ആശുപത്രിവളപ്പിലെ നോ പാർക്കിങ് ബോർഡ്, കല്ല് തുടങ്ങി കൈയിൽ കിട്ടിയതെല്ലാമായി ഏറ്റുമുട്ടി. ഇതിനിടയിലാണ് മൂന്നുപേർക്ക് കുത്തേറ്റത്. അക്രമികൾ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിലേക്ക് ഓടിക്കയറി. ഇവർക്കു പിന്നാലെ രക്തമൊലിക്കുന്ന ശരീരവുമായി കുത്തേറ്റവരും സംഘവും ആശുപത്രിക്കുള്ളിൽ കടന്നു. പ്രസവ വാർഡിൽ ഉൾപ്പെടെ അക്രമികൾ കയറിയിറങ്ങി. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഒളിച്ചവരെ കണ്ടെത്താതിരുന്നതിനാൽ തുടർസംഘർഷം ഒഴിവായി.

സംഭവവുമായി ബന്ധപ്പെട്ട് കരിക്കോട് മുണ്ടോലിമുക്ക് മുണ്ടോലി താഴതിൽ വീട്ടിൽ അഖിൽ (26), മൈലം പള്ളിക്കൽ ചെമ്പൻപൊയ്ക വിജയഭവനത്തിൽ എസ്.വിജയകുമാർ (24), പുലമൺ ശ്രേയസ് ഭവനിൽ ലിജിൻ (31), നെടുവത്തൂർ കുറുമ്പാലൂർ സരസ്വതി വിലാസത്തിൽ സജയകുമാർ (28) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു

Facebook Comments Box

By admin

Related Post